മുംബൈ :ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസങ്ങൾക്കിടെ ഉണ്ടായ മൂന്നാമത്തെ ഇ-മെയിൽ സന്ദേശമാണിത്. 400 കോടി രൂപ തന്നില്ലെങ്കിൽ അംബാനിയെ വധിക്കുമെന്നാണ് സന്ദേശത്തിൽ ഉള്ളത്.തിങ്കളാഴ്ചയാണ് അംബാനിയുടെകമ്പനിയിലേക്ക് ഭീഷണി സന്ദേശമെത്തിയതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
ആദ്യത്തെ ഭീഷണി സന്ദേശം ഒക്ടോബർ 27-നായിരുന്നു. ഷദാബ് ഖാൻ എന്ന പേരിൽ ഇ-മെയിൽ വഴിയായിരുന്നു ഭീഷണിസന്ദേശം ലഭിച്ചത്. 20 കോടി രൂപ നൽകിയെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുണ്ടായിരുന്നത്. രണ്ടാമത്തെ സന്ദേശത്തിൽ 200 കോടി രൂപ തന്നില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നായിരുന്നു ഉണ്ടായിരുന്നത്. ഒരേ ഇ മെയിൽ ഐ ഡി യിൽ നിന്നുമാണ് ഈ സന്ദേശങ്ങൾ എല്ലാം എത്തിയിരിക്കുന്നതെന്നാണ് മുംബൈ പോലീസ് അറിയിച്ചത്. ആദ്യ സന്ദേശം ലഭിച്ചപ്പോൾ തന്നെ ഗാംദേവി പോലീസ് സ്റ്റേഷനിൽ അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നു. തുടർന്ന് മുംബൈ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അംബാനിയേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന ഫോൺ സന്ദേശത്തെ തുടർന്ന് ബിഹാറിലെ ദർബംഗയിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ സ്‌ഫോടനം നടത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
Discussion about this post