ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ശ്രീലങ്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. രാവിലെ പ്രത്യേക വിമാനത്തിൽ കേന്ദ്രമന്ത്രി ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചു. നാം ( എൻഎഎഎം) 200 ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനും ഉഭയക്ഷി ചർച്ചകൾക്കും വേണ്ടിയാണ് യാത്ര.
മൂന്ന് ദിവസമാണ് സന്ദർശനം. നാം 200 ന് പുറമേ ഇന്ത്യ- ശ്രീലങ്ക വ്യാപാര ഉച്ചകോടിയിൽ കേന്ദ്രധനമന്ത്രി പങ്കെടുക്കും. ശ്രീലങ്കയിലെ മതകേന്ദ്രങ്ങളിൽ സോളാർ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനായുള്ള ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കും. ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയ്ക്കായി കേന്ദ്രസർക്കാർ 82.40 കോടി രൂപയാണ് ശ്രീലങ്കയ്ക്കായി അനുവദിച്ചിട്ടുള്ളത്. ട്രിങ്കോമലി, ജഫ്‌ന എന്നിവിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന എസ്ബിഐ ബ്രാഞ്ചുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. ഇതിന് പുറമേ ശ്രീലങ്കയിലെ പൈതൃക കേന്ദ്രങ്ങളും ആരാധനാ കേന്ദ്രങ്ങളും സന്ദർശിക്കും.
ശ്രീലങ്കയിലെ ഇന്ത്യൻ വംശജരായ തമിഴ് ജനതയാണ് നാം200 സംഘടിപ്പിക്കുന്നത്. ഇതിൽ പ്രത്യേക അതിഥിയായാണ് ക്ഷണം. നാളെ കൊളംബോയിലെ സുഗതാദ്‌സാ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധന , ജലവിഭവ വകുപ്പ് മന്ത്രി ജീവൻ തൊണ്ടാമൻ എന്നിവരും മറ്റ് രാഷ്ട്രീയ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ഇന്തോ- ലങ്ക ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, സിലോൺ ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ സംയുക്തമായിട്ടാണ് വ്യാപാര ഉച്ചകോടി സംഘടിപ്പിക്കുന്നത്. നാളെ കൊളംബോയിലാണ് ഉച്ചകോടി നടക്കുക. ഇതിന് ശേഷം റനിൽ വിക്രമസിംഗെ, ദിനേഷ് ഗുണവർദ്ധന എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ ശ്രീലങ്ക സന്ദർശിച്ചിരുന്നു.
Leave a Comment