ഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപയോളം രൂപ വകയിരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍ജെഡി അധ്യക്ഷനും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ കത്ത്.
ഇത്രയും ചെലവേറിയ ഒരു പദ്ധതിക്കായി പണം വകയിരുത്തുന്നതിലെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് മോദിക്ക് ലാലു അയച്ചിരിക്കുന്ന കത്ത്. കത്തയച്ച കാര്യം ലാലു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇത്രയും കുറഞ്ഞ ദൂരം ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനായി ഒരു ലക്ഷം കോടിയോളം രൂപ വകയിരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം 90 ശതമാനം ഇന്ത്യക്കാരുടെയും ജീവിതത്തെ മന്ദഗതിയിലാക്കും. വികസനം വരേണ്ടത് ആവശ്യമാണെങ്കിലും അത് പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിച്ചാവരുതെന്നും ലാലു കത്തില്‍ പറയുന്നു.
ഇത്രയും ചെലവേറിയ ഒരു പദ്ധതിക്കായി പണം വകയിരുത്തിയതിന് പിന്നിലെ യുക്തി എന്താണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ലാലു ട്വീറ്റ് ചെയ്തു. ഈ പദ്ധതിയുടെ പേരില്‍ 90 ശതമാനം വരുന്ന ഇന്ത്യയിലെ സാധാരണക്കാരും അവഗണിക്കപ്പെട്ടവരുമായ ജനം ദുരിതം പേറരുതേ എന്നാണ് തന്റെ പ്രാര്‍ഥനയും പ്രതീക്ഷയുമെന്നും ലാലു വ്യക്തമാക്കുന്നു. 98,000 കോടി രൂപ ചെലവു വരുന്ന, മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനുള്ള കരാര്‍ ജപ്പാന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു.
Discussion about this post