ന്യൂഡൽഹി: മിസോറാമിനെയും മ്യാൻമറിനെയും ബന്ധിപ്പിക്കാനുള്ളപുതിയ റോഡിന്റെ നിർമാണം ഈ മാസം പൂർത്തിയാകും. മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെയുമായി ബന്ധിപ്പിക്കുന്ന 26 കിലോമീറ്റർ റോഡ് പദ്ധതിക്കാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. 1,132 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. മിസോറാമിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കലദൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായാണ് മ്യാന്മറിലേക്കുള്ള ഈ റോഡ് നിർമാണം. ‘അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണെങ്കിൽ വ്യവസായത്തിലും കൃഷിയിലും നിക്ഷേപം ലഭിക്കും. അതിലൂടെ നമുക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഇത്തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിയും. ഇതാണ് വികസനത്തിന് പിന്നിലെ അടിസ്ഥാന തത്വം.’- അദ്ദേഹം പറഞ്ഞു.
പുതിയ റോഡ് യാഥാർഥ്യമാകുന്നതോടെ ബംഗ്ലാദേശുമായും മ്യാൻമറുമായുള്ള മിസോറാമിന്‍റെ ബന്ധം കൂടുതൽ ശക്തിപ്പെടും. ഇത് കൂടാതെ, മിസോറാമിനെ നാഗാലാൻഡിലേക്കും മണിപ്പൂരിലേക്കും ബന്ധിപ്പിക്കുന്ന 20,000 കോടി രൂപയുടെ റോഡ് പദ്ധതിയും വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post