ന്യൂയോർക്ക്: ഫുഡ് ഡെലിവറി ആപ്പുപയോഗിച്ച് ഓൺലൈൻ ആയി ഷെയ്ക്ക് ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് മൂത്രം. അമേരിക്കയിലാണ് സംഭവം. സരാടോഗ സ്പ്രിംഗ്‌സ് സ്വദേശി കാലേബ് വുഡിനാണ് ദുരനുഭവം ഉണ്ടായത്.
മിൽക്ക് ഷെയ്ക്ക് ആയിരുന്നു കലേബ് ഹോട്ടലിൽ നിന്നും ഓർഡർ ചെയ്തത്. എന്നാൽ ഇതിന് പകരം ഷെയ്ക്ക് നൽകുന്ന കപ്പിൽ മൂത്രം ആയിരുന്നു ലഭിച്ചത്. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ ഗ്രാബ്ഹബ്ബ് ഉപയോഗിച്ചായിരുന്നു ഓർഡർ നൽകിയത്. നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം എത്തുകയും ചെയ്തു. ഡ്രൈവർ പോയ ശേഷം അദ്ദേഹം സ്‌ട്രോ ഉപയോഗിച്ച് കുടിക്കാൻ തുടങ്ങി. എന്നാൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹം കപ്പിന്റെ മൂടി തുറന്ന് പരിശോധിച്ചു. അപ്പോഴായിരുന്നു മൂത്രമാണെന്ന് വ്യക്തമായത്. ഉടനെ ഡ്രൈവറെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്ന് ആയിരുന്നു ഡ്രൈവറുടെ മറുപടി. തുടർന്ന് ഹോട്ടലുമായി ബന്ധപ്പെട്ടു. എന്നാൽ ഓർഡർ പ്രകാരം മിൽക്ക് ഷെയ്ക്ക് തന്നെയാണ് നൽകിയത് എന്നായിരുന്നു അവരിൽ നിന്നും ലഭിച്ച പ്രതികരണം.
ഡ്രൈവറുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണ് ഇതെന്നാണ് സൂചന. ജോലി തിരക്ക് കാരണം കൈവശമുണ്ടായിരുന്ന ഒഴിഞ്ഞ കപ്പിൽ മൂത്രമൊഴിക്കുകയും പിന്നീട് അത് മാറി നൽകുകയായിരുന്നുവെന്നുമാണ് വിവരം.
അതേസമയം ഭക്ഷണം കിട്ടിയില്ല എന്ന് അറിയിച്ചിട്ടും ഹോട്ടൽ തനിക്ക് നഷ്ടമായ പണം തിരികെ നൽകിയില്ലെന്ന് കാലേബ് ആരോപിച്ചു. ഭക്ഷണത്തിനായി നൽകിയ 18 ഡോളർ മാത്രമാണ് തിരികെ നൽകിയത്. ഡെലിവറിയ്ക്ക് നൽകിയ പണവും ടിപ്പും നൽകാൻ ഹോട്ടൽ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.












