തൃശ്ശൂർ: കേരളവർമ്മ കോളേജിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണി അധികാരം പിടിച്ചെടുത്ത എസ്എഫ്ഐയെ പരിഹസിച്ച് അഡ്വ എ ജയശങ്കർ. തോറ്റ ചരിത്രം ഇല്ലാത്തതിനാൽ വിജയിക്കുന്നതുവരെ എസ്എഫ്ഐ വോട്ടെണ്ണൽ തുടരുമെന്നാണ് പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്.
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം. ഇല്ലേയില്ല തോൽക്കുകയില്ല, തോറ്റ ചരിത്രം കേൾക്കുകയില്ല. ജയിക്കുന്നതു വരെ വോട്ടെണ്ണൽ തുടരും. വീണ്ടും വീണ്ടും വോട്ടെണ്ണി കേരള വർമ്മ കോളേജ് വീണ്ടെടുത്ത സഖാവ് അനിരുദ്ധന് വിപ്ലവാഭിവാദ്യങ്ങൾ എന്നായിരുന്നു ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇതിനൊപ്പം കെഎസ്യു ചെയർമാൻ ആയി മത്സരിക്കുകയും ആദ്യം വിജയിക്കുകയും ചെയ്ത ശ്രീക്കുട്ടന്റെ ഫോട്ടോ ആയിരുന്നു അദ്ദേഹം നൽകിയത്.
ബുധനാഴ്ച ആയിരുന്നു കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ കോളോജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. കേരളവർമ്മ സർവ്വകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീക്കുട്ടൻ ആയിരുന്നു ആദ്യം വിജയിച്ചത്. എന്നാൽ ഒരിക്കൽ കൂടി വോട്ടെണ്ണാൻ എസ്എഫ്ഐ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതേ തുടർന്ന് രാത്രി വീണ്ടും വോട്ടെണ്ണൽ ആരംഭിച്ചു. ഇതിൽ 11 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ വിജയിക്കുകയായിരുന്നു.
Discussion about this post