കൊച്ചി :കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങൾ പോലീസ് പരിശോധിക്കും. 15 വർഷത്തിലധികമായി ദുബായിലായിരുന്ന ഡൊമനിക്, മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് പരിശോധിക്കുക. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിയുടെ ഇടപെടലുകളെക്കുറിച്ച് വിശദമായ പരിശോധനയാണ് നടക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോണിൽ ഫോറൻസിക് പരിശോധന നടന്നുവരികയാണ്.
ഒക്ടോബര്‍ 29 നാണ് കളമശ്ശേരി സാമറ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിനിടെ ആയിരുന്നു ആദ്യ സ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേരാണ് മരിച്ചത്. പരിക്കേറ്റ മുപ്പതിലധികം ആളുകൾ ചികിത്സയിലാണ്. കേസിൽ ഡൊമനിക് മാർട്ടിനെ മാത്രമാണ് പ്രതിചേർത്തിട്ടുള്ളത്. പ്രതിതന്നെയാണ് സ്ഫോടനം നടത്തിയതെന്നാണ് പോലീസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.യുഎപിഎ ചുമത്തിയ പ്രതിയെ 30 ദിവസത്തേക്ക് റിമാൻഡിൽ വിട്ടിരിക്കുകയാണ്. മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് നടത്താൻ കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാനായി അപേക്ഷ നൽകും.
Discussion about this post