ഭാരതം ഇന്ന് ആഗോള വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ലെന്നും മറിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയും കരുത്തോടെയുമാണെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ന്യൂഡൽഹിയിൽ നടക്കുന്ന ‘ഇടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ’ (GBS 2026) സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുമായും ബ്രിട്ടനുമായും അടുത്തിടെ ഒപ്പുവെച്ച ചരിത്രപരമായ വ്യാപാര കരാറുകൾ ഇന്ത്യയുടെ സാമ്പത്തിക കരുത്തിന്റെ തെളിവാണ്. ഇത്തരം കരാറുകളിലൂടെ വിദേശ വിപണികൾ ഇന്ത്യയ്ക്കായി തുറന്നുകൊടുക്കുമ്പോൾ തന്നെ, രാജ്യത്തെ കർഷകരുടെയും ചെറുകിട വ്യവസായികളുടെയും (MSME) മത്സ്യത്തൊഴിലാളികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി യുഎസ് കുറച്ചിട്ടുണ്ട്. ഇതിനുപുറമെ ഏർപ്പെടുത്തിയിരുന്ന അധിക തീരുവ പിൻവലിച്ചത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും ഒരേസമയം സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) യാഥാർത്ഥ്യമാക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി കരാറുകൾ ഒപ്പിടുമ്പോഴും ഇന്ത്യയുടെ ക്ഷീരമേഖലയെ (Dairy Sector) പൂർണ്ണമായും ഈ കരാറുകളിൽ നിന്ന് ഒഴിവാക്കി നിർത്താൻ സർക്കാരിന് കഴിഞ്ഞു. കർഷകരുടെ വരുമാനത്തെ ബാധിക്കുന്ന ഒന്നിനും സർക്കാർ അനുമതി നൽകില്ലെന്ന ഉറച്ച നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ന്യൂഡൽഹിയിലെ താജ് പാലസിൽ ഫെബ്രുവരി 13, 14 തീയതികളിലായി നടക്കുന്ന ഉച്ചകോടിയുടെ മുഖ്യ പ്രമേയം “ഒരു ദശകത്തെ മാറ്റങ്ങൾ, ഒരു നൂറ്റാണ്ടിന്റെ പരിവർത്തനം” എന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം ദിനത്തിൽ ഉച്ചകോടിയെ അഭിസംബോധന ചെയ്തത് ഇന്ത്യയുടെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിൽ ഇത്തരം വേദികൾക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു. ഐഎംഎഫ്, വേൾഡ് ബാങ്ക് പ്രതിനിധികളും ആഗോള കമ്പനികളുടെ സിഇഒമാരും പങ്കെടുക്കുന്ന ഈ സംഗമം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ചർച്ചകൾക്കാണ് വേദിയാകുന്നത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ലോകരാജ്യങ്ങളുമായി തുല്യനിലയിൽ സംവദിക്കാനും മത്സരിക്കാനുമുള്ള കഴിവ് ഭാരതം കൈവരിച്ചുവെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
ഭാരതീയ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തദ്ദേശീയമായ ഉത്പാദന മേഖലയെ സംരക്ഷിക്കുക എന്ന ഇരട്ട തന്ത്രമാണ് മോദി സർക്കാർ പയറ്റുന്നത്. ഇത് രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികൾക്കും കരകൗശല വിദഗ്ദ്ധർക്കും കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.








