പലതരം ‘വൈറൽ’ വിഡീയോകൾ സമൂഹമാധ്യമങ്ങളിൽ നമ്മളെല്ലാം കാണാറുണ്ട്. അത്തരത്തിൽ ഒരു മലയാളിയുടെ പാസ്പോർട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. പുതുക്കാനായി പാസ്പോർട്ട് എടുത്ത ഭർത്താവ് ഇതിന്റെ അവസ്ഥ കണ്ട് ഞെട്ടി. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. സംഭവം വേറൊന്നുമല്ല, പുതുക്കാനായി എടുത്ത് വച്ച പാസ്പോർട്ട് ഭാര്യ ഉപയോഗിച്ചത് പോക്കറ്റ് ഡയറിയായി ആണ്.
പാസ്‌പോർട്ടിന്റെ ഒഴിഞ്ഞ പേജുകളിൽ കണക്കുകളും ഫോൺ നമ്പറുകളും എഴുതി നിറച്ചിരിക്കുകയാണ് ഒരു മലയാളി വീട്ടമ്മ. പാസ്‌പോർട്ട് പുതുക്കുന്നതിന് വേണ്ടി നോക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
”പുതുക്കാൻ കൊണ്ടുവന്ന പാസ്‌പോർട്ടിന്റെ ഗതി കണ്ടുണ്ടായ ഷോക്കിൽ നിന്നും പാസ്‌പോർട്ട് ഓഫീസർ കരകയറിയിട്ടുണ്ടാകില്ല,” എന്ന തലക്കെട്ടോടെ പങ്ക് വച്ച വിഡീയോ നിമിഷങ്ങൾ കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വൻ ഹിറ്റായി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്.
“സമ്പൂർണ്ണ സാക്ഷരതയുടെ ഫലം. പരിസ്ഥിതി സൗഹാർദ്ദ നടപടിയാണിത്,” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. “ഈ പാസ്പോർട്ടും കൊണ്ട് ആരെങ്കിലും യാത്ര ചെയ്യുന്നതും ഇമിഗ്രേഷൻ ഓഫീസർ ഈ പാസ്‌പോർട്ട് പരിശോധിക്കുന്നതും ഒന്ന് ആലോചിച്ച് നോക്കൂ,” എന്ന് മറ്റൊരു കമന്റ്. “ലഭിക്കുന്ന വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമല്ലോ. പരിസ്ഥിതി സംരക്ഷണത്തിനുള്ള നൊബേൽ സമ്മാനം ഈ വ്യക്തിയ്ക്ക് തന്നെ കൊടുക്കണം,” എന്നാണ് മറ്റൊരു വ്യക്തി കമന്റിട്ടിരിക്കുന്നത്.
എന്നാൽ രസിപ്പിക്കുന്ന കമന്റുകൾ മാത്രമല്ല, നിരവധി വിമർശനങ്ങളും വിഡീയോക്ക് താഴെ വന്നിട്ടുണ്ട്. ”പാസ്‌പോർട്ടിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് കുറ്റകരമാണെന്നാണ് ചിലർ കമന്റ് ചെയ്തത്.“പാസ്‌പോർട്ട് ദുരുപയോഗം ചെയ്തതിനെതിരെ നടപടിയെടുക്കാൻ പാസ്‌പോർട്ട് ഓഫീസർക്ക് കഴിയും. അദ്ദേഹത്തിന് വേണമെങ്കിൽ ഇവയുടെ പുതുക്കൽ നിഷേധിക്കാം” എന്നും “ഇത്ര അശ്രദ്ധമായി പാസ്‌പോർട്ട് ഉപയോഗിക്കാൻ പാടില്ല. ഇതൊരു പ്രധാനപ്പെട്ട രേഖയാണ്. ഈ വ്യക്തിയ്‌ക്കെതിരെ നിയമനപടിയെടുക്കേണ്ടതാണ്,” എന്നും പലരും കമന്റുകൾ ഇട്ടിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് 67000 ൽ അധികം പേരാണ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ കണ്ടിരിക്കുന്നത്.








