പാലക്കാട് : തൃത്താലയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല കണ്ണന്നൂരിൽ സുഹൃത്തുക്കൾ ആയ അൻസാറിനെയും കബീറിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി പറമ്പിൽ വീട്ടിൽ മുസ്തഫയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് രണ്ടു സുഹൃത്തുക്കളുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാറിനേയും കബീറിനേയും കഴുത്തറുത്ത് കൊന്നത് താനാണെന്ന് മുസ്തഫ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
രണ്ടുദിവസങ്ങൾക്കു മുൻപാണ് ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാറിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്താണ് തന്റെ കഴുത്ത് അറുക്കാൻ ശ്രമിച്ചതെന്ന് മരണത്തിനു മുൻപായി അൻസാർ ആശുപത്രി ജീവനക്കാരോട് മൊഴി നൽകിയിരുന്നു. അൻസാറിന്റെ മൊഴിയനുസരിച്ച് പോലീസ് അന്വേഷണം നടത്തുന്നത് അൻസാറിന്റെ സുഹൃത്തായ കബീറിനെയും അതേ രീതിയിൽ കഴുത്തടുത്ത് കൊല്ലപ്പെട്ട നിലയിൽ ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കൊല്ലപ്പെട്ട രണ്ടുപേരുടെയും സുഹൃത്തായ മുസ്തഫയിലേക്ക് അന്വേഷണം നീങ്ങിയത്.








