എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. ഇവരുടെ ആരോഗ്യനില ഗുരുതരാസ്ഥയിൽ തന്നെ തുടരുന്നതാണ് ആശങ്കയ്ക്ക് കാരണം ആകുന്നത്. ചികിത്സ ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായ മാറ്റമൊന്നും ഇവരുടെ ആരോഗ്യനിലയിൽ വന്നിട്ടില്ല.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ലിബിനയുടെ മാതാവും സഹോദരനും അടക്കമുള്ളവരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത് എന്നാണ് വിവരം. ഇവർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 50 ശതമാനത്തിലധികം പൊള്ളലാണ് സ്‌ഫോടനത്തിൽ ഇവർക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേരളത്തെ ഞെട്ടിച്ച സ്‌ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ പ്രാർത്ഥനാ ഹാളിൽ സ്ഥാപിച്ചിരുന്ന ഐഇഡികൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യം എസി പൊട്ടിത്തെറിച്ചതാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിന്നീട് ബോംബ് സ്‌ഫോടനം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അന്ന് തന്നെ തമ്മനം സ്വദേശി മാർട്ടിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസും എൻഐഎയും വിശദമായ അന്വേഷണം തുടരുകയാണ്.
Discussion about this post