തിരുവനന്തപുരം: മുംബൈയിലെ കസ്റ്റംസിന്റെയും സിബിഐയുടെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ കാണിച്ച് തിരുവനന്തപുരത്തും തളിപ്പറമ്പിലും തട്ടിപ്പ്. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരിൽ നിന്നായി 2.85 കോടി രൂപയാണ് തട്ടിയെടുത്തത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ എഴുപതുകാരന്റെ കയ്യിൽ നിന്നും 2.25 കോടി രൂപയും തളിപ്പറമ്പിൽ ചികിത്സയ്ക്കായി താമസിച്ചിരുന്ന വ്യാപാരിയിൽ നിന്നും 60 ലക്ഷവുമാണ് തട്ടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. കസ്റ്റംസിൽ നിന്ന് എന്ന പേരിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ആധാർ കാർഡും രേഖകളും ഉപയോഗിച്ചു വിദേശത്തേക്ക് അയച്ച പാഴ്സലിൽ 5 വ്യാജ പാസ്പോർട്ടുകളും 75 ഗ്രാം എംഡിഎംഎയും കണ്ടെത്തിയെന്ന് അറിയിക്കുകയായിരുന്നു. ഉടനെ തന്നെ മുംബൈ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നും പരാതിക്കാരനോട് നിർദേശിച്ചു. എന്നാൽ, ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും കോൾ സ്കൈപ് ആപ്പിലൂടെ വിഡിയോ കോൾ ആക്കി മാറ്റിയ തട്ടിപ്പുകാരിലൊരാൾ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു.
കേസിൽനിന്നു രക്ഷപ്പെടാൻ കള്ളപ്പണ ഇടപാടുകളോ അനധികൃത സ്വത്തോ ഇല്ലെന്നു തെളിയിക്കണമെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും ഇവർ ആവശ്യപ്പെട്ടു. പിന്നീട് അക്കൗണ്ടിലുള്ള പണത്തിന്റെ 75% സർക്കാർ അക്കൗണ്ടുകളിലേക്കു മാറ്റാനും പണം റിസർവ് ബാങ്ക് വഴി പരിശോധിച്ച ശേഷം മടക്കി നൽകാമെന്നും പറഞ്ഞ് ആറോളം അക്കൗണ്ടുകളും തട്ടിപ്പുകാർ നൽകി. ഗഡു തുക കൈമാറിയപ്പോൾ പണം ലഭിച്ചതായി കാണിച്ചു ധനവകുപ്പിന്റെ പേരിലുള്ള വ്യാജരേഖ അയച്ചു നൽകി.
പിന്നീട് ധനവകുപ്പ് ഉദ്യോഗസ്ഥൻ എന്ന പേരിൽ സമീപിച്ച മറ്റൊരാൾ കേസ് അൽപ്പം ഗുരുതരമാണെന്നും ബാക്കി പണം കൂടി അയക്കണമെന്നും ആവശ്യപ്പെട്ടു. 2 ദിവസം കൊണ്ട് 2.25 കോടി രൂപയാണ് ഇത്തരത്തിൽ കൈമാറിയത്.
പരാതിക്കാരൻ പണമയച്ച അക്കൗണ്ടിൽ നിന്നും 36 അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ രണ്ട് കോടിയോളം രൂപ ഇതിനകം പിൻവലിച്ചു കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി.
സമാന രീതിയിൽ തന്നെയാണ് വ്യാപാരിയിൽ നിന്നും നാല് ദിവസം കൊണ്ടാണ് 60 ലക്ഷത്തോളം തട്ടിയത്. ഇന്ത്യൻ സീക്രട്ട് ആക്ട് പ്രകാരമുള്ള കേസെടുത്തെന്നു കാണിച്ച് സിബിഐയുടെ വ്യാജ അറസ്റ്റ് വാറന്റും അയച്ചുകൊടുക്കുകയായിരുന്നു. രണ്ട് കേസും തിരുവനന്തപുരം ഡിസിപി പി.നിഥിൻ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.








