തിരുവനന്തപുരം : സഹകരണമേഖലയിൽ കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കാരണത്താൽ കേരളത്തിന്റെ സഹകരണമേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണ സംരക്ഷണ മഹാസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
“കേരളത്തിലെ സഹകരണമേഖല വളരെ വിപുലമാണ്. സഹകരണരംഗം ഇത്തരത്തിൽ കരുത്താർജിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും മുൻകാല സർക്കാരുകൾ നല്ല പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ രാജ്യത്ത് ആഗോളവൽക്കരണനയം വന്നതോടെ സാഹചര്യങ്ങൾക്ക് മാറ്റം ഉണ്ടായി. ഈ നയം സഹകരണ മേഖലയെ പലതരത്തിൽ ബാധിച്ചു” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
“ആഗോളവൽക്കരണനയത്തിനു ശേഷം വന്ന കമ്മീഷനുകൾ പലതും സഹകരണ മേഖലയ്ക്ക് നാശം വരുത്തുന്ന നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ശക്തമായി നടക്കുന്നുണ്ട്. നോട്ടു നിരോധനത്തിന്റെ അവസരത്തിലാണ് ഇത് വ്യാപകമായി നടന്നത്. ഒറ്റക്കെട്ടായാണ് കേരളം ഇതിനെ ചെറുക്കുന്നത് ” എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
Discussion about this post