ഷിക്കാഗോയിലെ ഏറ്റവും പ്രധാനപ്പെട്ട വീഥികളിലൊന്നായ മിഷിഗൺ അവന്യൂവിന്റെ ഒരു ഭാഗം ‘ഹോണററി സ്വാമി വിവേകാനന്ദ വേ’ എന്നാണ് . 1893-ലെ ചരിത്രപ്രസിദ്ധമായ ഷിക്കാഗോ സർവ്വമത സമ്മേളനം നടന്നത് ഇവിടുത്തെ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. ഈ സംഭവത്തിന്റെ സ്മരണാർത്ഥം ഷിക്കാഗോ നഗരം സ്വാമിജിക്ക് നൽകിയ ഏറ്റവും വലിയ ആദരമാണിത്.
1893-ലെ ഷിക്കാഗോ സർവ്വമത സമ്മേളനത്തിൽ “അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സ്വാമിജി നടത്തിയ പ്രസംഗം ലോകചരിത്രത്തിന്റെ ഗതി മാറ്റിക്കുറിച്ചു. ഭാരതത്തിന്റെ ആത്മീയ ഔന്നത്യവും സനാതന ധർമ്മത്തിന്റെ സഹിഷ്ണുതയും പാശ്ചാത്യ ലോകത്തിന് മുന്നിൽ അദ്ദേഹം വിളിച്ചോതി.
1995 നവംബർ 11-നാണ് മിഷിഗൺ അവന്യൂവിന്റെ ഒരു ഭാഗത്തിന് ഔദ്യോഗികമായി ‘സ്വാമി വിവേകാനന്ദ വേ’ എന്ന് പേര് നൽകിയത്. ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന് തൊട്ടുമുന്നിലൂടെ കടന്നുപോകുന്ന ഈ വീഥി നഗരത്തിലെ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ ഇടങ്ങളിൽ ഒന്നാണ്.
സ്വാമിജിയുടെ 1893-ലെ ആ വിശ്വവിഖ്യാതമായ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതിനായി ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് അവിടെ ഒരു വെങ്കല ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഭാരതീയ സംസ്കാരത്തിന്റെ പെരുമ ലോകത്തിന് മുന്നിൽ വിളിച്ചോതിയ ആ ധീര സന്യാസിയുടെ പാദസ്പർശമേറ്റ മണ്ണിൽ അദ്ദേഹത്തിന്റെ നാമം ഇന്നും തിളങ്ങിനിൽക്കുന്നു.
സ്വാമി വിവേകാനന്ദൻറെ ജന്മദിനമായ ജനുവരി 12 ഭാരതം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഭാരതത്തെ മാത്രമല്ല, ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചതിന്റെ ഉജ്ജ്വലമായ അടയാളമാണിത്.












