ന്യൂഡൽഹി: മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാരോട് സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടമായി വന്ന് വോട്ട് ചെയ്യാൻ വോട്ടർമാരോട്, പ്രത്യേകിച്ച് യുവ വോട്ടർമാരോട് അഭ്യർത്ഥിക്കുകയാണ്. തിരഞ്ഞെടുപ്പിൽ വലിയ വോട്ടിംഗ് ശതമാനത്തിലൂടെ ജനാധിപത്യത്തിന്റെ ഈ ഉത്സവം ആഘോഷിക്കൂ എന്ന് പ്രധാനമന്ത്രി യുവ വോട്ടർമാരോട് ആഹ്വാനം ചെയ്തു.
യുവ വോട്ടർമാരുടെ വൻ പങ്കാളിത്തം ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി. ഓരോ വോട്ടും വികസിത രാഷ്ട്രത്തിന്റെ അടിസ്ഥാനശിലയായി മാറുമെന്ന് അമിത് ഷാ പറഞ്ഞു.
മിസോറം നിയമസഭയിലേക്കുള്ള വോട്ടിംഗ് രാവിലെ ആരംഭിച്ചു. രാവിലെ 7.00 മുതൽ വൈകുന്നേരം 3 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ 3നാണ് വോട്ടെണ്ണൽ.
174 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 8,51,895 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 4,12,969 പേർ പുരുഷന്മാരും 4,38,925 പേർ സ്ത്രീകളുമാണ്.
Discussion about this post