ലക്‌നൗ :സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിന്റെ 12.5 കോടി രൂപയുടെ സ്വത്തുവകകൾ ഉത്തർപ്രദേശ് പോലീസ് കണ്ടുകെട്ടി. 5.0510 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഭൂമി ഹൂബ് ലാൽ എന്ന ബിനാമി പേരിലാണ് വാങ്ങിയിരുന്നത്.

അതിഖ് അഹമ്മദിന്റെ ഗുണ്ടകൾ പാവപ്പെട്ടവരെ ഭീഷണിപ്പെടുത്തി കെവശപ്പെടുത്തിയ ഭൂമിയാണിത്. 14 കർഷകരിൽ നിന്ന് വളരെ തുച്ഛമായ വിലയ്ക്കാണ് ഈ ഭൂമി അതിഖ് ബലമായി വാങ്ങി ബിനാമി പേരിൽ രജിസ്റ്റർ ചെയ്തത്. ഭൂമി ആശുപത്രികളും സ്‌കൂളുകളും നിർമ്മിക്കുന്നതിന് വേണ്ടി ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് ബിനാമി ഉടമ ഹൂബ് ലാൽ പോലീസിനോട് പറഞ്ഞു. യഥാർത്ഥത്തിൽ എന്റെ പേരിൽ എത്ര ഭൂമി വാങ്ങിയിട്ടുണ്ടെന്ന് പോലും അറിയില്ലെന്നും ഹൂബ് ലാൽ പറയുന്നു.
വസ്തുവിന് 12.5 കോടി രൂപയുടെ മൂല്യമുണ്ടെന്ന് ധുമൻഗഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വരുൺ കുമാർ അറിയിച്ചു. സ്വത്തുക്കളെല്ലാം സർക്കാർ പിടിച്ചെടുത്തിരിക്കുകയാണ്, ഇനി ആരെങ്കിലും കൈവശം വച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും എസിപി അറിയിച്ചു.
ക്രിമിനൽ കേസുകളിൽ പ്രതികളായ അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും കഴിഞ്ഞ ഏപ്രിൽ 15 ന് പ്രയാഗ് രാജില്‍ വെച്ച് മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.








