എല്ലാ തവണയും രാഷ്ട്രീയ വിവാദമുണ്ടാക്കിയിട്ട് കാര്യമില്ല; വൈക്കോൽ കത്തിക്കുന്നത് നിർത്തിയേ പറ്റൂ; പഞ്ചാബിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

Published by
Brave India Desk

ന്യൂഡൽഹി: വൈക്കോൽ കത്തിക്കുന്നതിൽ പഞ്ചാബ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത് എങ്ങനെ ചെയ്യുമെന്നറിയില്ലെന്നും എന്നാൽ ​വൈക്കോൽ കത്തിക്കുന്നത് അ‌വസാനിപ്പിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി പറഞ്ഞു.
‘നിങ്ങൾ ​വൈക്കോൽ കത്തിക്കുന്നത് നിർത്തണം, നിങ്ങൾ ഇത് എങ്ങനെ ചെയ്യുമെന്ന് ഞങ്ങൾക്കറിയില്ല, അ‌ത് നിങ്ങളുടെ ജോലിയാണ്. പ​ക്ഷെ, ഇത് നിർത്തിയേ മതിയാകൂ, ഉടൻ ഇതിന് വേണ്ടി എന്തെങ്കിലും ചെയ്യണം’- സുപ്രീം കോടതി പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഡൽഹിയിലെ വായുഗുണനിലവാരം 488 രേഖപ്പെടുത്തി. വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. ആർകെ പുരം (466), ഐടിഒ (402), പാദ്പർഗൻജ് (471), ന്യൂ മോട്ടി ബാഗ് (488) തുടങ്ങിയ പ്രദേശങ്ങളിലാണു വായുമലിനീകരണം ഏറ്റവും രൂക്ഷം. പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിലെ അന്തരീക്ഷം. അന്തരീക്ഷ മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

അ‌തേസമയം, ഉത്സവ സമയങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങളും നേരത്തെ നൽകിയ ഉത്തരവ് പാലിക്കാനും കോടതി നിർദ്ദേശിച്ചു. ഉത്സവ സീസണുകളിൽ അ‌ന്തരീക്ഷ മലിനീകരണം തടയാൻ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മലിനീകരണം നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും കോടതി ഒർമിപ്പിച്ചു.

ഉദയ്പൂരിലെ ഉയർന്ന വായുമലിനീകരണത്തെയും ശബ്ദ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനത്തിന്റെ അ‌ഭാവത്തെയും സംബന്ധിച്ചുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ‘മലിനീകരണത്തിന്റെ കാര്യം, കോടതികളുടെ കടമയാണെന്ന് തെറ്റിദ്ധാരണയുണ്ട്. എന്നാൽ, അത് എല്ലാവരുടെയും കടമയായിരിക്കണം’- കോടതി പറഞ്ഞു.

Share
Leave a Comment

Recent News