ചെന്നൈ : തമിഴ് നാട്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ദൈവത്തെ പിന്തുടരുന്നവര് വിഡ്ഢികളെന്ന് പറഞ്ഞ പെരിയാര്‍ക്ക് പകരം അവിടങ്ങളില്‍ വിശുദ്ധ തിരുവള്ളുവരുടേയും ആള്വാരുടേയും നായനാര്‍മാരുടേയും പ്രതിമകള്‍ ഉയരുമെന്നും അണ്ണാമലൈ പറഞ്ഞു. ശ്രീരംഗത്ത് നടന്ന റാലിക്കിടെയായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന.
1967ല്‍ ഡിഎംകെ പാര്‍ട്ടി അധികാരമേറ്റതിന് ശേഷം ക്ഷേത്രങ്ങള്‍ക്ക് പുറത്ത് സ്ഥാപിച്ച ഫലകങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന. ‘ദൈവത്തെ പിന്തുടരുന്നവര് വിഡ്ഢികള്‍, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കബളിപ്പിക്കപ്പെട്ടവരാണ് അതിനാല്‍ ദൈവത്തെ ആരാധിക്കരുത്’, എന്ന് തുടങ്ങിയ പെരിയാര്‍ വചനങ്ങള്‍ തമിഴ്നാട്ടില്‍ ഉടനീളമുള്ള നിരവധി ക്ഷേത്രങ്ങള്‍ക്ക് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നാണ് ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കിരിക്കുന്നത്.
“ശ്രീരംഗത്തിന്റെ നാട്ടില്‍ നിന്ന് ബിജെപി നിങ്ങള്‍ക്ക് വാഗ്ദാനം നല്കുന്നു, ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ആദ്യ ജോലി ഇത്തരം പ്രതിമകള്‍ നീക്കം ചെയ്യുക എന്നതായിരിക്കും. പെരിയാര്‍ പ്രതിമകളില്‍ അദ്ദേഹത്തിന്റെ വചനങ്ങള്‍ കാണാറുണ്ട്. അത് ശ്രീരംഗം ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രതിമയിലും കാണപ്പെടുന്നു. ഇതിന് പകരം, ആള്‍വാരുടെയും നായനാര്‍മാരുടെയും വിശുദ്ധ തിരുവള്ളുവരുടെയും പ്രതിമകള്‍ സ്ഥാപിക്കും. കൂടാതെ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ച് അവരുടെ പ്രതിമകളും സ്ഥാപിക്കും”, അണ്ണാമലൈ പറഞ്ഞു.
അതോടൊപ്പം, അധികാരം കിട്ടിയാല്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍സിഇ) മന്ത്രാലയം നിര്‍ത്തലാക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി. “ബിജെപി അധികാരത്തിലെത്തിയാല്‍ എച്ച്ആര്‍സിഇ മന്ത്രാലയം ഉണ്ടാകില്ല. എച്ച്ആര്‍സിഇയുടെ അവസാന ദിവസം ബിജെപി സര്‍ക്കാരിന്റെ ആദ്യ ദിവസമായിരിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post