ന്യൂഡൽഹി : ഈയടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു വാചകമാണ് ‘ജസ്റ്റ് ലുക്കിങ് ലൈക് എ വൗ’ എന്നുള്ളത്. മനോഹരമായ കാര്യങ്ങളെയൊക്കെ വർണ്ണിക്കാൻ നെറ്റിസൺസ് ഇപ്പോൾ ഈ വാചകമാണ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേഭാരതിന്റെ പ്രൗഢിയെ വർണ്ണിക്കാനും ട്രെൻഡിങ് ആയ ഈ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
Just looking like a WoW! pic.twitter.com/FcwCiWGcaD
— Ashwini Vaishnaw (मोदी का परिवार) (@AshwiniVaishnaw) November 8, 2023
കേരളത്തിലെ റെയിൽവേ പാതകളിലൂടെ വന്ദേ ഭാരത് ഓടുന്നതിന്റെ മനോഹര ചിത്രമാണ് റെയിൽവേ മന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെയും ചിത്രങ്ങൾ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. നീലയും വെള്ളയും നിറത്തിലുള്ള ആദ്യ വന്ദേ ഭാരതും കാവി നിറത്തിലുള്ള രണ്ടാം വന്ദേ ഭാരതും കോഴിക്കോട് വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകുന്ന ചിത്രങ്ങളാണ് കേന്ദ്ര റെയിൽവേ മന്ത്രി പങ്കുവെച്ചത്.
നവംബർ ഒന്നിന് ദക്ഷിണ റെയിൽവേ ഫേസ്ബുക്ക് പേജിലൂടെ ആണ് കേരളത്തിലെ പച്ചപ്പ് നിറഞ്ഞ മനോഹര പാതയിലൂടെ നീങ്ങുന്ന പ്രൗഢഗംഭീരമായ വന്ദേഭാരത് ട്രെയിനുകളുടെ ചിത്രം ആദ്യമായി ശ്രദ്ധ നേടുന്നത്. കെവിൻ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ മനോഹര നിമിഷം ക്യാമറയിൽ പകർത്തിയത്. ഇതേ ചിത്രങ്ങളാണ് ഇപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രിയും പങ്കുവെച്ചിരിക്കുന്നത്.








