ആലപ്പുഴ: തീരദേശ വികസനത്തിൽ കേരള നേതാക്കൾ ബിജെപി ഭരിക്കുന്ന ഗുജറാത്തിനെയും ഗോവയെയും കണ്ടുപഠിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവിടെ ഒരു കാറ്റടിച്ചാൽ എങ്ങോട്ട് പോകണമെന്ന് അറിയാത്ത സ്ഥിതിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാർ നയിക്കുന്ന തീരദേശയാത്ര ആറാട്ടുപുഴ വലിയ അഴീക്കൽ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ 100 കിലോമീറ്ററിലധികം പ്രദേശങ്ങൾ തീരദേശമാണ്. തീരദേശ ജനത വോട്ട് ചെയ്ത് രണ്ട് മുന്നണികളെയും മാറി മാറി അധികാരത്തിലെത്തിച്ചു. പക്ഷെ അവർക്ക് സുരക്ഷിതമായി ഉറങ്ങാൻ പോലും കഴിയുന്നില്ല. അവർക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് രണ്ട് മുന്നണികളും വ്യക്തമാക്കണമെന്നും ജനങ്ങളോട് മറുപടി പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സുരക്ഷിതമായ വീട് നൽകിയിട്ടില്ല, നല്ല കുടിവെളളമില്ല, റോഡില്ല, നടപ്പാത പോലും ഇല്ല. താൻ ഉന്നയിക്കുന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുളള നേതാക്കൾ ഗുജറാത്തിലും ഗോവയിലെയും തീരപ്രദേശങ്ങൾ ഒരു ദിവസമെങ്കിലും വന്ന് കാണാൻ തയ്യാറുണ്ടെങ്കിൽ മുഴുവൻ യാത്രാച്ചിലവും ബിജെപി കേരള ഘടകം വഹിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ വെളളാനകളിൽ ഒന്ന് മത്സ്യഫെഡ് ആണ്. എന്താണ് അവിടെ നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളികളോട് ചോദിച്ചാൽ മതി. വിശദമായ അന്വേഷണം വേണം. കരുവന്നൂരിലും കണ്ടലയിലും സത്യം വെളിച്ചത്ത് വന്നത് നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്നതുകൊണ്ടാണ്. മത്സ്യതൊഴിലാളികളെ സഹകരണ സ്ഥാപനങ്ങൾ വഴി കൊളളയടിച്ചവർക്കെതിരെ വിശദമായ അന്വേഷണം നടത്തിക്കുകയാണ് കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മോദി സർക്കാർ വന്നതിന് പിന്നാലെ കടല് പതിച്ചുനൽകാൻ പോകുന്നുവെന്ന് പറഞ്ഞ് മീനാകുമാരി കമ്മീഷന്റെ പേരിൽ ബഹളം വെച്ചവരാണ് കോൺഗ്രസ് നേതാക്കൾ. ഇതെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. എല്ലാവർക്കും പട്ടയം നൽകുന്ന സർക്കാർ ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളികൾക്ക് പട്ടയം കൊടുക്കാൻ തയ്യാറാകുന്നില്ല. സിആർഇസ്ഡ് എന്ന് പറഞ്ഞ് വില്ലേജുകൾ ഐഡന്റിഫൈ ചെയ്ത് കൊടുക്കാനുളള അധികാരം സംസ്ഥാന സർക്കാരിനാണ്. സുപ്രീംകോടതി ആവർത്തിച്ച് പറഞ്ഞിട്ടും സർവ്വെ നടത്തി ഒഴിവാക്കേണ്ടവരെ ഒഴിവാക്കി യഥാർത്ഥ വില്ലേജുകളുടെ പട്ടിക നൽകാൻ സർക്കാർ തയ്യാറാകാത്തതാണ് ഇവിടെ പ്രശ്‌നമെന്നും എന്നിട്ടും കേന്ദ്രസർക്കാരിന് മേൽ പഴിചാരുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post