കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്കുര സ്വദേശി ദീപു മിശ്രയുടെ മൃതദേഹമാണ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കിയതാണെന്നാണ് കുടുംബം പറയുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏതാനും ദിവസങ്ങളായി വീട്ടുകാരുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് മറ്റൊരു സ്ഥലത്താണ് ദീപുവിന്റെ താമസം. ഇതിനിടെ കഴിഞ്ഞ ദിവസം ദീപു വീട്ടിൽ എത്തിയിരുന്നു. ഇവിടെ നിന്നും മടങ്ങിപ്പോകും വഴി കാണാതെ ആകുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞെങ്കിലും നടന്നില്ല. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കുടുംബം പോലീസിൽ പരാതിപ്പെട്ടു. ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് മരത്തിൽ തൂങ്ങിയ നിലയിൽ ദീപുവിനെ കണ്ടത്.
ഈ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ദീപു മിശ്ര. പരാജയപ്പെട്ടെങ്കിലും നല്ലൊരു ശതമാനം വോട്ടുകൾ ദീപുവിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ദീപുവിന് തൃണമൂൽ പ്രവർത്തകരിൽ നിന്നും ഭീഷണി നിലനിന്നിരുന്നു. ഇത് കൂടാതെ തൃണമൂൽ പ്രവർത്തകന്റെ ബന്ധുവായ യുവതിയുമായി ദീപു പ്രണയത്തിൽ ആയിരുന്നു. ഇതിന്റെ വൈരാഗ്യവും തൃണമൂൽ പ്രവർത്തകർക്ക് ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.
ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം. കൈകൾ പുറകിലാക്കി ബന്ധിച്ച നിലയിൽ ആയിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Discussion about this post