ബോളിവുഡ്ഡിലെ എക്കാലത്തെയും സുന്ദര ചിത്രങ്ങളിൽ ഒന്നാണ് ബാസിഗർ. ഷാറൂഖ് ഖാനും കാജോളും തകർത്ത് അഭിനയിച്ച ചിത്രം. ബാസിഗർ പുറത്തിറങ്ങി 30 വർഷം തികഞ്ഞ ഓർമ്മകൾ നൊസ്റ്റാൾജിക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് നായിക കാജോൾ. ഷാറൂഖിനെ ആദ്യമായി കണ്ടത് ഉൾപ്പെടെയുളള കാര്യങ്ങളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാജോൾ പങ്കുവെച്ചത്.
ബാസിഗർ ഓ ബാസിഗർ ഉൾപ്പെടെ സിനിമയിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ അനു മാലിക്കിനെയും ആദ്യമായി അന്നാണ് കണ്ടതെന്ന് കാജോൾ പറയുന്നു. 1993 നവംബർ 12 നായിരുന്നു ബാസിഗർ റിലീസ് ചെയ്തത്. 17 കാരിയായിരുന്ന തന്നെ സിനിമ ഒരുക്കിയ അബ്ബാസും മസ്താനും ഏറ്റവും പ്രിയപ്പെട്ട കുട്ടിയായി ചേർത്തു നിർത്തുകയായിരുന്നു.
ഇന്നും ബാസിഗറിലെ ഓരോ ഗാനവും ഡയലോഗും എന്റെ മുഖത്ത് ചിരിയാണ് വരുത്തുന്നത്. മായാത്ത ഒരുപാട് നല്ല ഓർമ്മകളും നിർത്താതെ ചിരിക്കാനുളള വകയുമാണ് ബാസിഗർ നൽകിയതെന്നും കാജോൾ കുറിച്ചു. ശിൽപ ഷെട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ബാസിഗർ.
ബോളിവുഡ്ഡിന്റെ കളക്ഷൻ റെക്കോഡുകൾ തിരുത്തി കുറിക്കുന്നതായിരുന്നു ബാസിഗറിന്റെ മുന്നേറ്റം. കാജോളിന്റെ കരിയർ ഗ്രാഫ് ഉയർത്തിയ വിപണി വിജയത്തിലെത്തിയ ആദ്യ ചിത്രം കൂടിയാണിത്.












