പത്തനംതിട്ട: ലൈഫ് പദ്ധതിയിൽ പണിയുന്ന വീട് പൂർത്തിയാക്കാൻ പണം കിട്ടാത്ത മനോവിഷമത്തിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് വയോധികൻ ജീവനൊടുക്കി. ശനിയാഴ്ച റോഡരികിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ ആണ് 73കാരനെ കണ്ടെത്തിയത്. ഓമല്ലൂർ ബിജുഭവനിൽ ഗോപി(73)യാണ് വീടുപണി പൂർത്തിയാക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തത്. സന്തോഷ്മുക്ക്-മുട്ടുകുടുക്ക റോഡിൽ പള്ളം ഭാഗത്ത് വീടുപണിക്ക് ഇറക്കിയ മെറ്റൽകൂനയ്ക്കടുത്തായിരുന്നു കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ലെന്നും അതുകൊണ്ട് താൻ പോകുന്നുവെന്നുമാണ് വയോധികൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ‘വീട് പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനുമുമ്പ് വാർപ്പ് വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലീല ഒരു വർഷമായി പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. വൃക്കരോഗിയായ ഗോപിയെ, ഭാര്യയുടെ രോഗവും വീടുപണി തീർക്കാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നതായി മകൾ ബിന്ദുമോൾ പറയുന്നു.
ഒരു വർഷം മുമ്പാണ് ഓമല്ലൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഗോപിക്ക് വീട് അനുവദിച്ചത്. ഭാര്യയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്താണ് വീട് പണിയുന്നത്. ഭാര്യയുടെ രോഗാവസ്ഥ പരിഗണിച്ച് മുൻഗണനയും നൽകിയിരുന്നു. എന്നാൽ, ആദ്യ ഗഡുവായ 40,000 രൂപയും രണ്ടാം ഗഡുവായ 1,60,000 രൂപയും മാത്രമാണ് ഇതുവരെ ഗോപിക്ക് കിട്ടിയത്. ഓണത്തിനുമുമ്പ് പണി തീർക്കണമെന്ന് അദ്ദേഹം ആശിച്ചിരുന്നു. എന്നാൽ, അതിന് കഴിഞ്ഞിരുന്നില്ല. പുന്നലത്തുപടി ഭാഗത്ത് ചെറിയ കച്ചവടവും ലോട്ടറി വിൽപ്പനയുമായിരുന്നു വരുമാന മാർഗം. താമസിക്കുന്ന വീട് നാശാവസ്ഥയിലായതിനാൽ ഭാര്യയെ പ്രമാടത്ത് മകളും മരുമകനും താമസിക്കുന്ന വാടകവീട്ടിലാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് ഗോപി തീകൊളുത്തി മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. രാവിലെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.











