മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 76 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നും വന്ന യാത്രക്കാരനിൽനിന്നും 1,260 ഗ്രാം തൂക്കമുള്ള ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്. യാത്രക്കാരനായ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കസ്റ്റംസിന്റെ പുതുതായി സ്ഥാപിച്ച ആധുനിക എക്‌സറേ സംവിധാനങ്ങളും മറികടന്ന് എയർപോർട്ടിന് പുറത്തെത്തിയ ഷഫീഖിനെ മലപ്പുറം പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
മെഡിക്കൽ എക്‌സറേ പരിശോധനയിലാണ് ഷഫീഖിന്റെ വയറിനകത്ത് നാല് ക്യാപ്സൂളുകൾ കണ്ടെത്തിയത്. ഷഫീഖ് കൊണ്ടുവന്ന സ്വർണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ കാത്തുനിന്ന തിരൂരങ്ങാടി സ്വദേശി റഫീഖ് നെ പോലീസ് തന്ത്രപൂർവം പിടികൂടി. റഫീഖ് വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
നെടുമ്പാശേരി വിമാനത്താവളത്തിലും മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 36 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. “നിവിയ ക്രീം” ബോക്സിൽ ഒളിപ്പിച്ച നിലയിലുള്ള 640.39 ഗ്രാം ഭാരമുള്ള വളകളാണ് യാത്രക്കാരിയിൽ നിന്നും പിടികൂടിയത്.സംഭവത്തിൽ യാത്രക്കാരി കോഴിക്കോട് സ്വദേശിനി ജോസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയതായിരുന്നു. യാത്രക്കാരിയുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് 640.39 ഗ്രാം ഭാരമുള്ള 4 സ്വർണ്ണ വളകൾ ബോക്സിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post