പരസ്പരം താങ്ങായും തണലായും ചേർന്നുള്ള ജീവിതമാണ് ഓരോ ദാമ്പത്യവും. സുഖ ദു:ഖങ്ങളിൽ പരസ്പരം പിന്തുണയേകുന്ന പങ്കാളിയെ ആണ് ഏതൊരാളും ആഗ്രഹിക്കുന്നത്. ജീവിതമെന്നാൽ സന്തോഷങ്ങൾ മാത്രം ഉള്ളതല്ല, ദുഃഖകരമായ പല സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വരും, ആശയക്കുഴപ്പത്തിലായ സന്ദർഭങ്ങളും തകർന്ന് പോയേക്കാവുന്ന സാഹചര്യങ്ങളും വന്നു ചേരാം. ഈ സാഹചര്യത്തിൽ പങ്കാളി നമുക്ക് തരുന്ന ആശ്വാസം ഒന്ന് വേറെ തന്നെയാണ്.
എന്നാൽ പങ്കാളികൾ തമ്മിലുള്ള വഴക്ക് ഉണ്ടാവുമ്പോൾ ജീവിതം തന്നെ മടുപ്പാകുന്നു. ചെറിയ പ്രശ്നങ്ങൾ വലിയ അകലത്തിലേക്കുള്ള വഴിയുണ്ടാക്കുന്നു. ആദ്യം തന്നെ മനസിലാക്കേണ്ടത്, രണ്ട് വ്യത്യസ്ത വ്യക്തികൾ ഒരുമിച്ചു ജീവിക്കുന്നതാണ് ദാമ്പത്യം. എത്രയൊക്കെ മനപ്പൊരുത്തമുണ്ടെന്ന് പറഞ്ഞാലും ഇഷ്ടാനിഷ്ടങ്ങളിലും ചിന്തയിലും വ്യത്യാസങ്ങൾ ഉണ്ടാവാം. രണ്ടുപേർ തമ്മിലുള്ള ബന്ധം ശക്തമായിരിക്കുന്നതിൽ ദമ്പതികളുടെ ശീലങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ നിങ്ങൾ ശീലിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആശയവിനിമയം
ദാമ്പത്യത്തിലായാലും സൗഹൃദത്തിലായാലും ഒരു ബന്ധം ശക്തമാകുന്നത് പരസ്പരം നന്നായി ആശയവിനിമയം നടത്തുമ്പോഴാണ്. വികാരങ്ങളും ആഗ്രഹങ്ങളെ കുറിച്ചും പങ്കാളിയോട് സംസാരിക്കുക, ചിന്തകൾ, ഭയങ്ങൾ,പ്രതീക്ഷകൾ എന്നിവ പറയുന്നതിൽ മടി കാണിക്കേണ്ടതില്ല
പ്രശംസ
പങ്കാളിയുടെ പരിശ്രമങ്ങളെ, സ്നേഹത്ത,പിന്തുണയെ എല്ലാം മനസറിഞ്ഞ് പിന്തുണയ്ക്കാം. അവർ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ച് പ്രശംസയോ തിരുത്തലുകളോ നൽകാം
സ്നേഹം
സ്നേഹം മൂടാ വയ്ക്കാനുള്ളതല്ല. താൻ സ്നേഹിക്കപ്പെടുന്നു എന്ന് തിരിച്ചറിയുന്ന അനുഭൂതി വ്യത്യസ്തമായ ഒന്നാണ്. പല രീതിയിലും സ്നേഹം പ്രകടിപ്പിക്കാം. അതിന് വിലകൂടിയ സമ്മാനങ്ങളോ സർപ്രൈസുകളോ ഒന്നും വേണ്ടി വരില്ല. ഹഗ്, ചുംബനം, തലോടൽ, വാക്കുകൾ എല്ലാം സ്നേഹ പ്രകടനത്തിന്റെ ഭാഗം തന്നെയാണ്
വിശ്വാസം
ഒരു ബന്ധത്തിൽ സ്നേഹം നിലനിൽക്കണമെങ്കിൽ ദമ്പതികൾക്കിടയിൽ ആദ്യം വിശ്വാസമുണ്ടായിരിക്കണം. രണ്ടുപേർക്കിടയിൽ വിശ്വാസമില്ലെങ്കിൽ അവർക്കിടയിൽ അകൽച്ച ആരംഭിക്കുമെന്ന് ഉറപ്പാണ്.ബന്ധം കൂടുതൽ ദൃഢമാകാൻ പങ്കാളികൾ തമ്മിൽ ഒന്നും മനസ്സിൽ ഒളിപ്പിച്ച് വെക്കരുത്. രണ്ടുപേർ പരസ്പരം കാര്യങ്ങൾ മറച്ചുവെക്കുമ്പോൾ, ആ ബന്ധത്തിന്റെ അടിത്തറ ദുർബലമാകും.
ഒരുമിച്ച് സമയം ചെലവഴിക്കുക
കഴിയുന്നത്ര സമയം നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുക. ഇത് അവരെ കൂടുതൽ മനസിലാക്കാനും സ്നേഹിക്കാനും വഴിയൊരുക്കും. പ്രത്യേകം താത്പര്യപ്പെട്ട് സമയം കണ്ടെത്തുന്നയാളെ പങ്കാളികൾ ഏറെ ഇഷ്ടപ്പെടും. പങ്കാളി സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ചെലവഴിക്കുന്ന അത്ര സമയം തന്റെ കൂടെ ഇല്ലെന്ന തോന്നൽ അവരെ അലട്ടും.
പങ്കാളി പറയുന്നത് ശ്രദ്ധിക്കുക
നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ പങ്കാളി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.. അവർ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്, അവർ എന്തെങ്കിലും സംസാരിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ ഒരു നല്ല സ്രോതാവായി ഇരിക്കുക. ഈ സമയം മൊബൈൽ ഫോൺ ഇരുവരുടെയും കൈകളിൽ ഉണ്ടാവാത്തതാണ് നല്ലത്.
സ്വകാര്യ ഇടങ്ങളെ മാനിക്കുക
എത്രയൊക്കെ പറഞ്ഞാലും പങ്കാളി വ്യത്യസ്തയായ ഒരു വ്യക്തിയാണ്. സന്തുഷ്ടരായ ദമ്പതികൾ പരസ്പരം അവരവരുടെ സ്വകാര്യ ഇടങ്ങളെ ബഹുമാനിക്കുന്നു. എന്തെങ്കിലും ചെയ്യുന്നതിൽ തടസ്സപ്പെടുത്തുകയോ മറ്റോ ചെയ്യുന്നത് അകൽച്ച ഉണ്ടാക്കും.
ഈഗോ മാറ്റിനിർത്തുക
നല്ല ബന്ധത്തിനായി ഒരിക്കലും നിങ്ങൾ ഈഗോ കാണിക്കരുത്. നിങ്ങളുടെ ബന്ധത്തിനിടയിൽ ഒരിക്കലും അഹംഭാവം വരാൻ അനുവദിക്കരുത്. വഴക്കുണ്ടായാലും, വഴക്കിന് ശേഷം നിങ്ങൾ പങ്കാളിയോട് സോറി പറയുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ബന്ധം വീണ്ടും കൂടുതൽ ദൃഢമാകും.
അനാവശ്യ വാഗ്ദാനങ്ങൾ നൽകാതിരിക്കുക
പ്രേമസുരഭിലമായിരിക്കുന്ന സമയത്തോ വഴക്കിടുമ്പോഴോ വാഗ്ദാനങ്ങൾ നൽകുമ്പോൾ സൂക്ഷിക്കുക. നാളെയൊരിക്കൽ അത് സാധിച്ച് നൽകാൻ കഴിഞ്ഞില്ലെങ്കിൽ അകൽച്ച ഉണ്ടാവാൻ സാധ്യത ഉണ്ട്. ചെയ്ത് നൽകാം എന്ന് ഉറപ്പുള്ള കാര്യം മാത്രം വാഗ്ദാനം ചെയ്യാൻ ശ്രമിക്കുക.
Discussion about this post