ലോകത്ത് മനുഷ്യനേറെ ഭയക്കുന്ന ചെറുജീവികളിലൊന്നാണ് കൊതുക്. മൂളിപറക്കുന്ന കൊതുക് കാരണം മരിച്ചുവീഴുന്നത് ആയിരക്കണക്കിന് ആളുകൾ എന്നത് തന്നെയാണ് കൊതുകിനെ ഭീകരജീവിയാക്കി കണക്കാക്കുന്നതിന് കാരണം. ഡെഹ്കിപ്പനി,വെസ്റ്റ് നൈൽ തുടങ്ങി ചുക്കുൻഗുനിയയും ജപ്പാൻ ജ്വരവും… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും രോഗങ്ങളെ വഹിച്ചാണ് ഇവ മരണം വിതയ്ക്കുന്നത്. പെൺകൊതുകുകളാണ് അപകടകാരി. ഇവയെ തുരത്താനായി പഠിച്ച പണി പതിനെട്ടും മനുഷ്യൻ പുറത്തെടുക്കുന്നു. എന്നാലും പലപ്പോഴും പൂർണമായി അവ വിജയിക്കാറില്ല.
എന്നാൽ ഇപ്പോഴിതാ കൊതുകിനൊരു മുട്ടൻ പണി കൊടുക്കാനായി കൊതുകിനെ തന്നെ ഏൽപ്പിക്കാമെന്ന് പറയുകയാണ് ശാസ്ത്രജ്ഞർ. ഓസ്‌ട്രേലിയയിലെ മക്വയറി സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ അഭിപ്രായത്തിന് പിന്നിൽ.വെറുതെ അഭിപ്രായം പറയുക മാത്രമല്ല, അത് എങ്ങനെയെന്ന് അവർ പരീക്ഷിച്ച് തെളിയിച്ചും തരുന്നുണ്ട്.
വിഷ ബീജമുള്ള ജനിതക എഞ്ചിനീയറിംഗ് ചെയ്ത കൊതുകുകൾക്ക് പെൺകൊതുകുകളെ കൊല്ലാനും രോഗം പടരുന്നത് തടയാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. ടോക്‌സിക് മെയിൽ ടെക്‌നിക് എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. പെൺകൊതുകുകളുടെ ജീവനെടുക്കാൻ ശേഷിയുള്ള വിഷപ്രോട്ടിനുകൾ ഉത്പാദിപ്പിക്കാനായി ജനറ്റിക് എൻജിനീയറിങ് വഴി ആദ്യം ആൺകൊതുകുകളെ പ്രാപ്തരാക്കും. പിന്നീട് ഈ കൊതുകുകളെ പെൺ കൊതുകുകൾക്കിടയിലേക്ക് തുറന്നുവിടും. പ്രജനനത്തിന് വേണ്ടി ആൺകൊതുകും പെൺകൊതുകും ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ, ഹാനികരമായ പ്രോട്ടീൻ പെൺ കൊതുകിന്റെ ശരീരത്തിലെത്തും. ഇതോടെ പെൺകൊതുകുകളുടെ ആരോഗ്യം ക്ഷയിച്ച് ചത്തൊടുങ്ങും
കൊതുകുകളെ നശിപ്പിക്കാൻ കീടനാശിനികൾക്ക് പൂർണ്ണമായും കഴിവില്ല, കാരണം അവ മാറ്റങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടുന്നു. കീടനാശിനികൾക്കെതിരെ കൊതുകിന്റെ ഘടനതന്നെ പതിയെ പ്രതിരോധം തീർക്കുന്നതാണ് ഇതിന് കാരണം. എന്നാൽ ഈ ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിക്കുന്നതിലൂടെ രോഗം പടർന്നുപിടിക്കുകയോ എണ്ണം വർദ്ധിക്കുകയോ ചെയ്യുന്ന പ്രദേശങ്ങളിൽ ഈ പ്രശ്‌നം നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി ഉപയോഗിക്കാം.
Discussion about this post