എറണാകുളം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസില്‍ പ്രതി അസ്ഫാഖ് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. 13 കേസുകളിലാണ് ശിക്ഷ വിധിക്കുക.
വിവിധ ഭാഷാ തൊഴിലാളികളുടെ അഞ്ച് വയസുകാരിയുടെ മകളെ പ്രതി തട്ടിക്കൊണ്ടുപോയി ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാൻ കഴിയും. പ്രതിയായ അസ്ഫാഖ് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
പ്രതിക്ക് ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും വധശിക്ഷ തന്നെ ലഭിക്കണമെന്നും കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നു. തന്റെ മകൾക്ക് നീതി ലഭിക്കുന്നത് നേരിൽ കാണാനായി മാതാപിതാക്കൾ കോടതിയിൽ എത്തിക്കഴിഞ്ഞു. പ്രതി അസ്ഫാഖ് ആലത്തെയും കോടതിയിൽ എത്തിച്ചിട്ടുണ്ട്.
ജൂലൈ 28 നാണ് കേരളത്തെയാകെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്നത്. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷ വരെ ലഭിക്കാം.
Discussion about this post