ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ തകർന്ന് വീണ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 40 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിന്റെ അവശിഷ്ടങ്ങളിലൂടെ ഡ്രില്ലർ ഉപയോഗിച്ച് കുഴിയെടുത്ത് മൂന്നടിയോളം വ്യാസമുള്ള പൈപ്പുകൾ ഇറക്കിക്കൊണ്ടാണ് തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനായി മുന്നടി വ്യാസമുള്ള പൈപ്പുകൾ ഹരിദ്വാറിൽ നിന്ന് ഇന്ന് രാവിലെ എത്തിയിട്ടുണ്ടെന്ന് നാഷണൽ ഹൈവേസ് & ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) ലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന അവശിഷ്ടങ്ങൾക്കിൾക്കിടയിലൂടെ ഈ പൈപ്പുകൾ ഇറക്കിയാണ് ഇവരെ പുറത്തിറക്കാൻ ശ്രമിക്കുന്നത്. ഹരിദ്വാറിൽ നിന്ന് ട്രക്കുകളിൽ എട്ട് പൈപ്പുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്, കൂടുതൽ പൈപ്പുകൾ പിന്നീട് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പോലീസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. 55-60 മീറ്റർ ചുറ്റളവിൽ 20 മീറ്ററോളം അവശിഷ്ടങ്ങൾ മാറ്റി തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി വീണ്ടും മണ്ണ് വീണതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. എന്നാൽ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ സുരക്ഷിതരാണെന്നും സിലിണ്ടറുകളിലൂടെയും അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിവിട്ട പൈപ്പിലൂടെയും ഇവർക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. കംപ്രഷൻ ഉപയോഗിച്ച് വാട്ടർ പൈപ്പിലൂടെ ഭക്ഷണ സാധനങ്ങളും ഇവർക്കു ലഭ്യമാക്കുന്നുണ്ട്.
തുരങ്കം തകരാനുണ്ടായ കാരണങ്ങളെക്കുറിച്ച് പഠിക്കാൻ ത്തരാഖണ്ഡ് ലാൻഡ്‌സ്ലൈഡ് മിറ്റിഗേഷൻ ആൻഡ് മാനേജ്‌മെന്റ് സെന്റർ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉത്തരാഖണ്ഡ് സർക്കാർ സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തി. വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കി, സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ സമിതിയിലുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയാണ് ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്.
Discussion about this post