ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന AK-203 തോക്കുകളുടെ ആദ്യ ബാച്ച് പരീക്ഷണത്തിന് തയ്യാറായതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് ആണ് ഇന്ത്യ നിർമ്മിക്കുന്ന റൈഫിളുകൾ തയ്യാറായതായി റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ കോർവയിലുള്ള ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) എന്ന നിർമ്മാണ കേന്ദ്രമാണ് ഇന്ത്യയ്ക്കായി AK-203 തോക്കുകൾ നിർമ്മിക്കുന്നത്.
റൈഫിളുകളുടെ ആദ്യ ബാച്ച് പരീക്ഷണം അമേഠിയിൽ നടത്താൻ തയ്യാറായെന്ന് ടാസ് റിപ്പോർട്ട് ചെയ്യുന്നു. പ്രശസ്തമായ എകെ 47 തോക്കുകളുടെ നിർമ്മാതാക്കളായ റഷ്യൻ പ്രതിരോധ കമ്പനി കലാഷ്‌നികോവ് കൺസേണും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഐആർആർപിഎൽ. ഈ വർഷം ജനുവരിയിൽ ഐആർആർപിഎലിന്റെ കോർവയിലെ ഫാക്ടറി കലാഷ്‌നിക്കോവ് എകെ-203 റൈഫിളുകളുടെ ഉത്പാദനം ആരംഭിച്ചിരുന്നു.
2020 ലാണ് ഇന്ത്യ 7,70,000 AK-203 റൈഫിളുകൾ വാങ്ങാൻ റഷ്യയുമായി കരാർ ഒപ്പുവച്ചത്. 1,00,000 റൈഫിളുകൾ റഷ്യയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുകയും ബാക്കി 6,70,000 ഇന്ത്യയിൽ കോർവയിലെ ഫാക്ടറിയിൽ നിർമ്മിക്കുകയും ചെയ്യുമെന്നാണ് കരാർ. സാങ്കേതിക കൈമാറ്റം, നിർമ്മാണ സൗകര്യം സജ്ജീകരിക്കൽ എന്നിവ ഉൾപ്പെടെ ഓരോ റൈഫിളിനും ഏകദേശം 1,100 ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
Discussion about this post