ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്ര സര്‍ക്കാര്‍. കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന് അമ്മ പ്രേമകുമാരി ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് പ്രേമകുമാരി നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
നിലവില്‍ സനയിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് നിമിഷ പ്രിയ. മകളുടെ ശിക്ഷയ്ക്ക് ഇളവ് ലഭിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യെമനില്‍ പോകാന്‍ ്നുമതി വേണമെന്നാണ് പ്രേമകുമാരിയുടെ ഹര്‍ജിയിലെ ആവശ്യം. ഇതിന്മേലാണ് യെമന്‍ സുപ്രീം കോടതി വധശിക്ഷ ശരിവച്ച കാര്യം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. നവംബര്‍ 13-ന് യമനിലെ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ അപ്പീല്‍ തള്ളിയെന്നാണ് തങ്ങള്‍ക്കുലഭിച്ച വിവരമെന്ന് കേന്ദ്രം വാക്കാല്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
2017-ല്‍ യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് മലയാളി നഴ്സായ നിമിഷ പ്രിയയെ യെമന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. വിധിയില്‍ ഇളവ് നല്‍കണമെന്ന് നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലാണ് ഇപ്പോള്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരിക്കുന്നത്. അതേസമയം, വധശിക്ഷ ഒഴിവാക്കാന്‍ ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമേ കഴിയൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമ്മ പ്രേമകുമാരിയുടെ വാദം.
സുപ്രീംകോടതി അപ്പീല്‍ തള്ളിയ സാഹചര്യത്തത്തില്‍ മാതാവിന് അടിയന്തരമായി യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്കാന് നിര്‍ദേശിക്കണമെന്ന് പ്രേമ കുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകന് കെ.ആര് സുഭാഷ് ചന്ദ്രന് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഒരാഴ്ച സമയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
നിമിഷപ്രിയയുടെ അമ്മ സ്വന്തം ഉത്തരവാദിത്വത്തില്‍ യെമനില്‍ പോകുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ മാതാവിനൊപ്പം ആരൊക്കെയാണ് യെമനിലേക്ക് പോകുന്നത് എന്നതിന്റെ വിശാദ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം കേന്ദ്രത്തിനെ അറിയിക്കാനും ഹര്‍ജിക്കാരിയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്കി.
Discussion about this post