തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ ഭാസുരാംഗന് ഇഡി വീണ്ടും നോട്ടീസ് നൽകി. നാളെ രാവിലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഭാസുരാഗന്റെ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്നും ഇഡി നിർദേശം നൽകി. അതേസമയം, ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണ് സംഭവിച്ചതെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് പ്രതിസന്ധിയുടെ കാരണമെന്നുമാണ് ഭാസുരാംഗൻ പറയുന്നത്.
തന്നെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുന്നുണ്ട്. ജനങ്ങൾക്കും സഖാക്കൾക്കും ഉള്ള സംശയത്തിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് ഭാസുരാംഗൻ പറയുന്നത്. പരാതിക്കു പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും ഭാസുരാംഗൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തിനുപിന്നിൽ ഉന്നത ഇടപെടലുണ്ടെന്നും എൽ.ഡി.എഫിലെ ഒരാളാണ് പിന്നിലെന്നുമാണ് ഭാസുരാംഗന്റെ വാദം.
ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലും ഇഡി പരിശോധന നടത്തിയുരുന്നു. കണ്ടല സർവീസ് സഹകരണബാങ്കിൽ 100കോടിയിലേറെ രൂപയുടെ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പിൽ അമ്പത്തിലധികം നിക്ഷേപകർ പരാതി നൽകുകയും അന്വേഷണം ക്രെെംബ്രാഞ്ചിന് കെെമാറുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ തൃപ്തിയില്ലാത്ത നിക്ഷേപകർ നൽകിയ പരാതിയിലാണ് ഇഡി നടപടി.
Discussion about this post