തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ എസ്എഫ്ഐക്കാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ഒന്നാം വർഷ ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥി അനൂപിനാണ് മർദ്ദനമേറ്റത്. 20 ലേറെ വിദ്യാർത്ഥികൾ ചേർന്നാണ് അനൂപിനെ ക്ലാസ്മുറിയിൽ കയറി മർദ്ദിച്ചത്. പ്രതികളെല്ലാം എസ്എഫ്ഐയുടെ സജീവ പ്രവർത്തകരാണെന്നാണ് വിവരം. നവംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം.
അനൂപിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം ചവിട്ടി സാരമായി പരിക്കേൽപ്പിച്ചിട്ടുണ്ട്. അനൂപ് നിലവിൽ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന്, സീനിയർ വിദ്യാർത്ഥികളായ എബിൻ, ആദിത്യൻ, അനന്ദു, കിരൺ എന്നിവരെ കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഇവർക്ക് പുറമെ കണ്ടാലറിയാവുന്ന 20 ഓളം പേരെ കൂടി ചേർത്ത് കേസെടുത്തിട്ടുണ്ട്.
പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാളിന്റെ പരാതിയിലാണ് നെയ്യാറ്റിൻകര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ ഭീഷണി ഭയന്ന് അനൂപിന്റെ കുടുംബം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
Discussion about this post