തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാർഡ് വിവാദം പ്രത്യേക എട്ടംഗ സംഘം അന്വേഷിക്കും. സൈബർ പോലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി നിധിൻ രാജും കന്റോൺമെന്റ് എസിയും കേസിന് മേൽനോട്ടം വഹിക്കും. അഞ്ച് ദിവസത്തിനകം അന്വേഷണണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
മൊബൈൽ ആപ്പ് എന്ത് ലക്ഷ്യം വച്ചാണ് നിർമ്മിച്ചതെന്ന് അന്വേഷിക്കുമെന്ന് ഡിസിപി അറിയിച്ചു. തിരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ സ്ഥാനാർത്ഥികളുടെയും മറ്റുള്ളവരുടെയും മൊഴിയെടുക്കും.
വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് കേസെടുക്കാൻ കഴിഞ്ഞ ദിവസമാണ് പോലീസിന് നിർദേശം ലഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ കത്ത് ഡിജിപി, സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് സഞ്ചയ് കൗൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വിശദീകരണം നൽകാൻ കോൺഗ്രസ് പാർട്ടിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാൻ അതിന് ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാർ എഐസിസിക്ക് കൈമാറി.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. ഇതിന് നേതൃത്വം നൽകിയത് പാലക്കാടുള്ള എംഎൽഎയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഒന്നേകാൽ ലക്ഷത്തോളം വ്യാജ കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇവർ ചെയ്തത് രാജ്യദ്രോഹക്കുറ്റമാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാം. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് രീതിയെ വിമർശിക്കുന്ന വ്യക്തിയാണ്. പരാതി കിട്ടിയിട്ടും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടപടി എടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post