കേരള ടൂറിസത്തിന്റെ മ്യൂസിക്കല്‍ വീഡിയൊ രണ്ടാഴ്ചക്കുള്ളില്‍ ഫേസ്ബുക്കിലൂടെ കണ്ടത് പത്ത് ലക്ഷത്തിലധികം പേര്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30000 ലധികം പേര് ഇത് ഷെയര്‍ ചെയ്തു.
കേരളത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങളും പരമ്പരാഗത ആചാരങ്ങളും ഉള്‍പ്പെടുന്നതാണ് മ്യൂസിക്കല്‍ വീഡിയൊ. നാല് മിനിറ്റും 10 സെക്കന്‍ഡുമാണ് ഇതിന്റെ ദൈര്‍ഘ്യം.
മലയാളത്തില്‍ തയ്യാറാക്കിയ ഈ വീഡിയൊ ആസ്വദിക്കുന്നതിന് ഭാഷ തടസ്സമായില്ല. കഥകളി, പടയണി, ഒപ്പന, മാര്‍ഗ്ഗം കളി തുടങ്ങിയ കലാരൂപങ്ങളും വള്ളംകളി, വള്ളസദ്യ, പൂരം, വേല, പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളും ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പും കരകൗശലവിദ്യയുമെല്ലാം കോര്‍ത്തിണക്കി 140 ലധികം ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് വീഡിയൊ.
യൂട്യൂബിലും സംസ്ഥാന ടൂറിസം വെബ്സൈറ്റിലും വീഡിയോ ലഭ്യമാണ്. മനോജ് കുറൂര്‍ എഴുതിയ മുത്താളം മുടിതാളം കളിയാടും നാടേ നിന് തുഞ്ചത്ത്.. എന്ന കവിതക്ക് സംഗീതം പകര്‍ന്നത് ശ്രീവത്സന്‍ ജെ.മേനോനാണ്. മീരാ റാം മോഹനും ശ്രീരഞ്ജിനി കോടംപള്ളിയുമാണ് ഗാനം ആലപിച്ചത്. അമല്‍ ആന്റണിയും സംഘവും കോറസ് പാടി. ഇന്‍വിസ് മള്‍ട്ടി മീഡിയയാണ് ദൃശ്യാവിഷ്കാരം നിര്‍വഹിച്ചത്.
.
Discussion about this post