തിരുവനന്തപുരം: കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വലിയ രീതിയിൽ വർദ്ധിച്ചതിനെ തുടർന്ന് നടപടിയുമായി പോലീസ്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പങ്കുവെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരായാണ് കേരള പോലീസ് നടപടി ശക്തമാക്കിയിട്ടുള്ളത്. ശനിയാഴ്ച ഒരേസമയം 389 കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും കാണുകയും പങ്കുവെക്കുകയും ചെയ്തതിന് 46 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചൈൽഡ് പോണോഗ്രാഫി തടയുന്നതിനായുള്ള കേരള പോലീസിന്റെ ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ
123 ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് നാല് പേരെയും ഇടുക്കി, കൊച്ചി നഗരങ്ങളിൽ നിന്ന് രണ്ട് പേരെ വീതവും ആലപ്പുഴ, എറണാകുളം റൂറൽ ഏരിയകളിൽ നിന്ന് ഒരാളെ വീതവുമാണ് പോലീസ് പിടികൂടിയിട്ടുള്ളത്.
Discussion about this post