ബംഗളൂരു: സ്‌കൂളിലേക്ക് ഉച്ച ഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൽബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ കുട്ടിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ ഉടൻ കുഞ്ഞിനെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന്, കൽബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി. പിന്നീട്, മകൾക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന മാതാപിതാക്കളുടെ നിർബന്ധത്തെ തുടർന്ന് കുട്ടിയെ വെള്ളിയാഴ്ച കൽബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നും ആരോഗ്യ നില വഷളായതോടെ ശനിയാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഞായറാഴ്ച പുലർച്ചെയോടെ കുട്ടി മരണത്തിന് കീഴടങ്ങി.
സംഭവത്തിൽ, കുട്ടിയുടെ അമ്മ സംഗീത ശിവപ്പ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിലെ അടുക്കള ജീവനക്കാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ്, ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ, അഫ്‌സൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ, അഫ്സൽപൂർ താലൂക്ക് പഞ്ചായത്ത് ഓഫീസർ, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ഉച്ച ഭക്ഷണത്തിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ ഭക്ഷണത്തിനായി തടിച്ചുകൂടിയിരുന്നെന്നും ഇവരെ നിയന്ത്രിക്കാൻ സംവിധാനമില്ലാത്തതിനാൽ തിക്കിലും തിരക്കിലും പെട്ടാണ് മകൾ സാമ്പാർ ചെമ്പിലേക്ക് വീണതെന്നം മാതാവ് സംഗീത ആരോപിച്ചു.
അപകടത്തെ ഗൗരവത്തോടെയാണ് കണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രതികരിച്ചു. സംഭവത്തിൽ രണ്ട് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഒരാളെ പുറത്താക്കിയെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Discussion about this post