ബംഗളൂരു: ബെലഗാവിയിലെ നിയമസഭയിൽ നിന്ന് വിനായക് ദാമോദർ സവർക്കറുടെ ചിത്രം നീക്കം ചെയ്താൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക വ്യക്തമാക്കി.സവർക്കറുടെ ചിത്രത്തിന് പകരം അന്തരിച്ച മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രം സ്ഥാപിക്കാനാണ് കോൺഗ്രസ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്ന് അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് ജയിൽവാസം അനുഭവിച്ച സവർക്കർ രാജ്യസ്നേഹിയായതിനാലാണ് ബിജെപി സർക്കാർ മുമ്പ് അദ്ദേഹത്തിന്റെ ഫോട്ടോ നിയമസഭയിൽ സ്ഥാപിച്ചതെന്നു അശോക വ്യക്തമാക്കി . അത് നീക്കം ചെയ്യാൻ കോൺഗ്രസ് പദ്ധതിയിട്ടിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, പകരം നെഹ്റുവിന്റെ ഫോട്ടോ വയ്ക്കണമെന്ന വാദം കുടുമ്പ പാരമ്പര്യ രാഷ്ട്രീയത്തെ മഹത്വവത്കരിക്കാനുള്ള ഒരു നീക്കമാണെന്നും പറഞ്ഞു.
കർണാടകയിൽ മുത്തച്ഛന്റെയും അമ്മയുടെയും മകന്റെയും ചെറുമകന്റെയും ഫോട്ടോകൾ മാത്രം പ്രദർശിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ താൽപര്യപ്പെടുന്നത് . പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾ അവരുടെ ഈ നീക്കത്തെ നേരിടുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും,” കോൺഗ്രസ് സർക്കാരിന്റെ വർഗീയ നടപടികളെയും ടിപ്പു സുൽത്താന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെയും ബിജെപി എതിർക്കുമെന്നും അശോക കൂട്ടിച്ചേർത്തു.
ടിപ്പു സുൽത്താനിലൂടെ കോൺഗ്രസിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെയും സുവർണ വിധാന സൗധയിൽ ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രത്തിന് പകരം സവർക്കറെ അപകീർത്തിപ്പെടുത്തുന്നതിനെതിരെയും ബിജെപി പോരാടുമെന്നും അശോക സൂചന നൽകി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റം ചെയ്യപ്പെട്ടാൽ സിദ്ധരാമയ്യ ടിപ്പു സുൽത്താന്റെ പേരിൽ പാർട്ടി രൂപീകരിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022ൽ, ഡിസംബറിലെ ശീതകാല സമ്മേളനത്തിലാണ് , മുൻ ബിജെപി സർക്കാർ സുവർണ വിധാന സൗധയിൽ സവർക്കറുടെ ഫോട്ടോ അനാച്ഛാദനം ചെയ്തത്. മുൻ പ്രധാനമന്ത്രി നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത്തിനു ശേഷം, സവർക്കറുടെ ചിത്രത്തോടൊപ്പം മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, ബിആർ അംബേദ്കർ, സ്വാമി വിവേകാനന്ദൻ, ബസവണ്ണ എന്നിവരുടെ ചിത്രങ്ങളും അന്ന് അനാച്ഛാദനം ചെയ്യപ്പെട്ടിരുന്നു
Discussion about this post