ജയ്പൂർ: വികസനത്തിലും ടൂറിസത്തിനും പകരം, അഴിമതിയിലും കുറ്റകൃത്യങ്ങളിലുമാണ് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജയ്പൂരിലെ ആംബർ അസംബ്ലി മണ്ഡലത്തിൽ തിങ്കളാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഞ്ച് വർഷം മുമ്പ് രാജസ്ഥാനിലെ എല്ലാ ഗ്രാമങ്ങളിലും, ദരിദ്രർക്കിടയിലും കർഷകർക്കിടയിലും വികസനം എത്തിക്കുന്നതിനായി വസുന്ധര രാജെയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഇതിലൂടെ സംസ്ഥാനം വികസനത്തിൽ ഒന്നാം സ്ഥാനത്തേക്കെത്തുന്നതിന് പകരം ഇപ്പോൾ കുറ്റകൃത്യങ്ങളിലും അഴിമതിയിലുമാണ് ഒന്നാമതെത്തിയിരിക്കുന്നത്.
അതേസമയം, കോൺഗ്രസ് പാർട്ടിയിൽ നടക്കുന്നത് അഴിമതിയും പ്രീണന രാഷ്ട്രീയവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജസ്ഥാനിൽ എത്തിയതായിരുന്നു അദ്ദേഹം. നവംബർ 25ന് നടക്കുന്ന രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രധാനമന്ത്രി വോട്ടഭ്യർത്ഥിച്ചു. വികസനത്തിന് മുൻഗണന നൽകുന്ന ഒരു സർക്കാരാണ് സംസ്ഥാനത്തിന് ആവശ്യം. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിൽ രാജസ്ഥാൻ വളരെ വലിയ പങ്ക് വഹിക്കുമെന്നും പാലിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘അഴിമതിയും കുടുംബ രാഷ്ട്രീയവും അല്ലാതെ മറ്റൊന്നിനും കോൺഗ്രസ് പ്രധാന്യം നൽകുന്നില്ല. പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നും ഈ പാർട്ടി ചിന്തിക്കുന്നില്ല. അഞ്ച് വർഷത്തെ കോൺഗ്രസ് ഭരണത്തിന് കീഴിൽ സംസ്ഥാനത്തിന്റെ വികസനം സ്തംഭിച്ചു. ഈ പ്രീണന രാഷ്ട്രീയത്തിന്റെ ആഘാതം സംസ്ഥാനത്തെ ജനങ്ങൾ അനുഭവിച്ചറിഞ്ഞു’- മോദി പറഞ്ഞു.
ഒരു വികസിത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള കഠിനമായ ശ്രമത്തിലാണ് ഞങ്ങൾ. ഇതിന് വികസനത്തിന് മുൻഗണന നൽകുന്ന ഒരു സർക്കാരാണ് രാജസ്ഥാനിൽ വേണ്ടത്. കോൺഗ്രസിന് കീഴിൽ സംസ്ഥാനം സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സങ്കൽപ്പിക്കാനാവാത്ത അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post