ലക്‌നൗ: ആഗ്രയിൽ രഹഗുളയുടെ പേരിൽ വിവാഹ സത്കാരത്തിനിടെ കൂട്ടത്തല്ല്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ആഗ്രയിലെ ഷംസാബാദിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
പ്രദേശവാസിയായ ബ്രിജ്ബഹാൻ കുശ്വാഹയുടെ വീട്ടിലെ വിവാഹ സത്കാരത്തിനിടെ ആയിരുന്നു അടിയുണ്ടായത്. വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകളിൽ ഒരാൾ ആവശ്യമുള്ളത്ര രസഗുള ലഭിച്ചില്ലെന്ന പരാമർശം നടത്തി. ഇതോടെയാണ് കൂട്ടത്തല്ല് ഉണ്ടായത്.
പരാതി പറഞ്ഞയാളും ബ്രിജ്ബഹാൻ കുശ്വാഹയുടെ ബന്ധുക്കളും തമ്മിൽ രസഗുളയുടെ പേരിൽ തർക്കം ആരംഭിച്ചു. പിന്നീട് ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഭഗ്‌വാൻ ദേവി, യോഗേഷ്, മനോജ്, കൈലാഷ്, ധർമ്മേന്ദ്ര, പവാൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. ആറ് പേരുടെയും പരിക്കുകൾ സാരമുള്ളതാണ്. എന്നാൽ ഇവർ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.









