ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ആത്മവിശ്വാസത്തോടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തിയ അന്താരാഷ്ട്ര ടണൽ വിദഗ്ധൻ അർനോൾഡ് ഡിക്‌സ്. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾ ഉടൻ വീട്ടിലെത്തുമെന്നും ഇവരെ വീട്ടിലെത്തിക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നും സംഭവ സ്ഥലത്ത് നിന്നും പ്രൊഫസർ ഡിക്സ് പറഞ്ഞു.
‘ ഇവിടെയുള്ള രക്ഷാപ്രവർത്തകരുടെ സംഘം വളരെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. 900 പൈപ്പ് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ഏറ്റവും മികച്ച മാർഗമാണ്. ഇത് സംബന്ധിച്ച് കൂടുതൽ നിരീക്ഷിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താനുള്ള ഏറ്റവും വേഗതയേറിയ മാർഗമാണിത്. എന്നാൽ ഇതിലും ചില സങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടാണ് പല തരത്തിലുള്ള രക്ഷാപ്രവർത്തന മാർഗങ്ങൾ ഞങ്ങൾ പരീക്ഷിക്കുന്നത്’- ഡിക്സ് പറഞ്ഞു.
മുകളിൽ നിന്നും തഴെ നിന്നും വശങ്ങളിൽ നിന്നുമെല്ലാം ഞങ്ങൾ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഉടൻ തന്നെ നിങ്ങളുടെ ആളുകൾ നിങ്ങളുടെ വീടുകളിലെത്തും. ഇതിനായി ഏതു മാർഗം ഞങ്ങൾ പരീക്ഷിക്കുമെന്ന് പറയാൻ കഴിയില്ല. എല്ലാ വാതിലുകളും ഞങ്ങൾ മുട്ടുന്നുണ്ട്. ഇതിൽ ഏത് തുറക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെർട്ടിക്കൽ ഡ്രില്ലിംഗിനായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 41 തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. എല്ലാ ഏജൻസികളും ഇവിടെയുണ്ട്, അവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇന്ന് പുലർച്ചെ, തുരങ്കത്തിലേക്ക് എൻഡോസ്കോപ്പി ക്യാമറ ഇറക്കിയിരുന്നു. ആദ്യം പകർത്തിയ ദൃശ്യങ്ങളിൽ 41 തൊഴിലാളികൾക്ക് തുരങ്കത്തിനുള്ളിൽ മതിയായ സ്ഥലമുണ്ടെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
Discussion about this post