ഈ വർഷം ആദ്യമാണ് ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായത്. വളരെയേറെ പ്രേക്ഷകപ്രശംസ നേടിയ ഷേർഷാ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികൾ ആയിരുന്നു ഇരുവരും. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വൈകാതെ തന്നെ ഈ താര ജോഡികൾ വിവാഹിതരാവുകയും ചെയ്തു.
ഇപ്പോൾ കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ പങ്കെടുക്കുമ്പോൾ സിദ്ധാർത്ഥ് സൂചിപ്പിച്ച ചില കാര്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. വിവാഹത്തിനുശേഷം ആദ്യമായാണ് സിദ്ധാർത്ഥ് ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്നത്. കിയാരയുമായുള്ള വിവാഹം തന്റെ ജീവിതം മാറ്റിമറിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി. വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരിക്കലും ഇത്രയേറെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ താൻ കൂടുതൽ ഉത്തരവാദിത്വമുള്ളവനായി മാറിയിട്ടുണ്ട് എന്നും സിദ്ധാർത്ഥ് സൂചിപ്പിച്ചു.
” മുംബൈയിൽ നിന്നും ഉള്ള ഒരാളെ വിവാഹം കഴിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 16 വർഷങ്ങൾക്കു മുൻപ് സിനിമ മോഹങ്ങളുമായി ഈ നഗരത്തിൽ എത്തിയത് ആണെങ്കിലും മുംബൈയിൽ എനിക്കൊരു വീട് പോലും ഉണ്ടായിരുന്നില്ല. ഇവിടെയുള്ളപ്പോൾ പലപ്പോഴും സുഹൃത്തുക്കളോടൊപ്പം ആയിരുന്നു കഴിഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ ഒരുപാട് ഉത്തരവാദിത്വങ്ങൾ ആയി. ജീവിതത്തിൽ ഒരാളെ കൂടി പരിപാലിക്കാൻ ഉണ്ട് എന്ന് തോന്നൽ വളരെ വലുതാണ്. കിയാര് ആണെങ്കിൽ ഒരിക്കലും മുംബൈ പോലെ ഒരു മഹാനഗരത്തിൽ വളർന്ന കുട്ടിയെ പോലെ അല്ലായിരുന്നു. കുടുംബത്തോട് വളരെ അറ്റാച്ച്ഡ് ആയ ജീവിതമാണ് അവളുടേത്. ഇപ്പോൾ ഞാനും അതുപോലെ മാറിക്കഴിഞ്ഞു,” എന്നും സിദ്ധാർത്ഥ് മൽഹോത്ര ഷോയിൽ വ്യക്തമാക്കി.
വരുൺ ധവാനോടൊപ്പം ആണ് സിദ്ധാർത്ഥ് മൽഹോത്ര കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ പങ്കെടുത്തത്. ഡൽഹിയിലെ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച സിദ്ധാർത്ഥ് മൽഹോത്ര കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലെ നായകനായാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയയായ കിയാര അദ്വാനി ബ്രിട്ടീഷ് ഇന്ത്യൻ നടനായ സയീദ് ജാഫ്രിയുടെ പേരക്കുട്ടിയാണ്. 2023 ഫെബ്രുവരി 7ന്
ജയ്‌സാൽമീറിലെ സൂര്യഗഡ് കൊട്ടാരത്തിൽ വച്ചാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായത്.
Discussion about this post