തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. തട്ടിപ്പിൽ മുൻ പ്രസിഡന്റ് ഭാസുരാംഗനും മകൻ അഖിൽ ജിത്തിനും നേരിട്ട് പങ്കുണ്ടെന്ന് ഇഡി വ്യക്തമാക്കി. ഉന്നത നേതാക്കളും തട്ടിപ്പ് നടത്താൻ ഇടപെട്ടിട്ടുണ്ട്. കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പാണ് കണ്ടല സഹകരണ ബാങ്കിലും നടന്നതെന്നും ഇഡി വ്യക്തമാക്കുന്നു.
ബാങ്കിലെ നിക്ഷേപ തുക ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്ന് ക്രമക്കേടിലൂടെ തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്നും ഇഡി അറിയിച്ചു. അഖിൽ ജിത്തിന്റെ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ അഖിൽ ജിത്തിന് കഴിഞ്ഞിട്ടില്ല. 30 വർഷത്തോളം കണ്ടലയിൽ ഭാസുരാംഗൻ പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. ആകെ 74 നിക്ഷേപകർ പരാതിയുമായി എത്തിയത്.
ഇന്നലെയാണ് ഭാസുരാംഗന്റെയും മകന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷം വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരത്തേ 101 കോടി രൂപയുടെ തട്ടിപ്പെന്നായിരുന്നു ഇഡി വ്യക്തമാക്കിയിരുന്നത്. കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കുന്നതോടെ തുക ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post