വിശാഖപട്ടണം: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ബെഥനി സ്കൂളിലെ വിദ്യാർത്ഥികളാണ് എട്ട് പേരും.
വിശാഖപട്ടണത്തെ സംഗം സരത് തീയറ്റര്‍ ജംഗ്ഷനില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം നടന്നത്. രാവിലെ സ്കൂളിലേക്ക് പോകും വഴിയാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഓട്ടോ ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. മൂന്ന് പേര്‍ ഓട്ടോറിക്ഷക്കുള്ളില്‍ കുടുങ്ങി. നാട്ടുകാർ ഇവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
മൂന്ന് പേരെ ഡിസ്‍ചാര്‍ജ് ചെയ്തു. മറ്റ് നാല് പേര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും ആശുപത്രിയിലാണ്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യനില വിലയിരുത്തി. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.








