ഗാസ : യുദ്ധക്കെടുതി രൂക്ഷമായി തുടരുന്ന ഗാസയ്ക്ക് താൽക്കാലിക ആശ്വാസമായി വെള്ളിയാഴ്ച മുതൽ വെടിനിർത്തൽ. വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം ഏഴു മണിമുതൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. നാലുദിവസത്തേക്കാണ് ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഗാസയിൽ ബന്ദികൾ ആക്കിയിട്ടുള്ളവരെ കൈമാറാം എന്ന ധാരണയിലാണ് വെടിനിർത്തൽ കരാർ ഉറപ്പിച്ചിട്ടുള്ളത്.
അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥ ചർച്ചകളിലൂടെയാണ് ഗാസയിൽ നാലു ദിവസത്തേക്ക് വെടി നിർത്തലിന് ഇസ്രായേൽ തയ്യാറായത്. കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇൻ്റലിജൻസ് വിഭാഗത്തിന് കൈമാറിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം.
പ്രായമായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 13 പേരെ ആയിരിക്കും ആദ്യ ദിനത്തിൽ ഇസ്രായേലിന് കൈമാറുക. നാലുദിവസം കൊണ്ട് 50 ബന്ദികളെ ഇത്തരത്തിൽ മോചിപ്പിക്കും. റെഡ് ക്രോസിന് ആയിരിക്കും ബന്ദികളെ കൈമാറുക. ഇസ്രായേലിൽ ജയിലിൽ കഴിയുന്ന പലസ്തീൻ സ്വദേശികളിൽ ചിലരെയും വിട്ടയക്കാൻ തീരുമാനമായിട്ടുണ്ട്.
ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ആണ് താൽക്കാലിക വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. നാലുദിവസത്തേക്ക് മാത്രമായിരിക്കും വെടിനിർത്തൽ ഉണ്ടാവുകയെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ നാല് ദിവസത്തിന് ശേഷം യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
Discussion about this post