ജമ്മു കശ്മീർ:അതിർത്തിയിൽ നിന്നും വിരമിച്ച പാക് സൈനികർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. രജൗരി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ രാജ്യത്തിന് ധീരന്മാരായ അഞ്ച് സൈനികരെ നഷ്ടമായി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് 20 തിലധികം ഭീകരർ ഒളിച്ചിരിപ്പുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡാംഗ്രി, കാൻഡി, രജൗരി എന്നിവിടങ്ങളിൽ നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയതിൽ ഭീകരർക്ക് പങ്കുണ്ട്. അവരെ ഉന്മൂലനം ചെയ്യുന്നതിലാണ് സൈന്യം ആദ്യ പരിഗണന നല്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രജൗരി ജില്ലയിലെ പൂഞ്ചിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഹൈവേ വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കൂടുതൽ ഭീകരർ അവിടെ ഒളിഞ്ഞിരിക്കാനുള്ള സാധ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഭീകരരുടെ ഒളിത്താവളങ്ങളെക്കുറിച്ച് പ്രദേശവാസികളിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. ഡാംഗ്രിയിൽ നടന്ന ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് അതിർത്തിയിൽ വിരമിച്ച പാക് സൈനികരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സേനയിലെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചപ്പോൾ ഉന്നത ലഷ്‌കർ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.
Discussion about this post