പാലക്കാട് : മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. പാലക്കാട് എരിമയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. 30 ഓളം പ്ലസ് ടു വിദ്യാർത്ഥികളെയാണ് സ്കൂളിൽ നിന്നും കൂട്ടത്തോടെ പുറത്താക്കിയത്.
കഴിഞ്ഞ 10 ദിവസമായി ഈ സ്കൂളിലെ അദ്ധ്യാപകർ മുപ്പതോളം കുട്ടികളെ സ്കൂളിൽ കയറാനായി അനുവദിച്ചിട്ടില്ല. പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസിലെ വിദ്യാർത്ഥികളാണ് അദ്ധ്യാപകർക്കെതിരെ പരാതിയുമായി എത്തിയിട്ടുള്ളത്. അദ്ധ്യാപകരുടെ നടപടിക്കെതിരെ പിടിഎ ഭാരവാഹികളും രംഗത്ത് എത്തിയിട്ടുണ്ട്.
പിടിഎ ഭാരവാഹികളുടെയും കെഎസ്യുവിന്റെയും പ്രതിഷേധത്തെ തുടർന്ന് വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ പുറത്താക്കിയെന്ന വിദ്യാർത്ഥികളുടെ ആരോപണം അദ്ധ്യാപകർ നിഷേധിച്ചു. വിദ്യാർത്ഥികളോട് ഗ്രൂപ്പ് അനുസരിച്ച് ക്ലാസിൽ എത്താനാണ് ആവശ്യപ്പെട്ടത് എന്നാണ് അദ്ധ്യാപകർ പറയുന്നത്.
Discussion about this post