ന്യൂഡൽഹി : കേരള സർക്കാർ നടത്തിയ കേരളീയം പരിപാടിയിൽ ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുള്ള പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും കമ്മീഷൻ ആവശ്യപ്പെട്ടു.
ദേശീയ പട്ടികവർഗ്ഗ കമ്മീഷന് മുൻപാകെ യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേരളീയ പരിപാടിയുടെ ഭാഗമായി കനകക്കുന്നിൽ വച്ച് ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തിലാണ് ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് പ്രദർശന വസ്തുക്കൾ ആക്കി നിർത്തിയിരുന്നത്.
കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷന്റെ റിപ്പോർട്ട് തേടിയിട്ടുള്ള കത്ത് ലഭിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മറുപടി നൽകണമെന്നാണ് കേരള ചീഫ് സെക്രട്ടറി ഡോ. വി വേണുവിനോടും ഡിജിപി ഡോ. ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടുമായി ആവശ്യപ്പെട്ടിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
കേരളീയത്തിൽ ഗോത്രവർഗ വിഭാഗങ്ങളെ പ്രദർശിപ്പിച്ചതിൽ എന്താണ് തെറ്റെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ഉന്നയിച്ചിരുന്നു. ആദിവാസി വിഭാഗത്തിന്റെ കലാപരിപാടികളാണ് അവർ അവതരിപ്പിച്ചത് എന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടക്കുകയാണ് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം.









Discussion about this post