ന്യൂഡൽഹി : എച്ച് 9 എൻ 2 വൈറസിനെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏവിയൻ ഇൻഫ്ലുവൻസ, എച്ച് 9 എൻ 2 , ശ്വാസകോശ സംബന്ധമായ വിവിധ അസുഖങ്ങൾ ആരോഗ്യ രംഗത്ത് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ രാജ്യത്തെ സംബന്ധിച്ചു ഇവ നിയന്ത്രണവിധേയമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം പരിഗണിച്ചുകൊണ്ട് സമഗ്രമായ ആരോഗ്യ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടതായും “വൺ ഹെൽത്ത്” നയം സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ കോവിഡിനു ശേഷം ഇന്ത്യൻ ആരോഗ്യരംഗത്തു കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) വഴി രാജ്യത്തെ പ്രാഥമിക ആരോഗ്യരംഗം കൂടുതൽ ശക്തിപ്പെട്ടുവെന്നും കേന്ദ്രം അറിയിച്ചു.
ഇൻഫ്ലുൻസയുടെ പശ്ചാത്തലത്തിൽ മനുഷ്യരിലും , മൃഗങ്ങൾക്കിടയിലുമുള്ള നിരീക്ഷണം ശക്തിപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. കൂടാതെ ആരോഗ്യ അടിയന്തിര സാഹചര്യം കണ്ടക്കിലെടുത്തുകൊണ്ടു വന്യജീവി മേഖലകളിലും നിരീക്ഷണം ശക്തിപ്പെടുത്തി.
ഇതിനിടയിൽ ചൈനയുടെ വടക്കൻ പ്രവിശ്യയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ വർധിച്ചിതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട് . എന്നാൽ അസുഖത്തിന് പിറകിൽ അസാധാരണമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചൈനയിൽ ഏവിയൻ ഇൻഫ്ലുവൻസ, എച്ച് 9 എൻ 2 , സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തിൻറെ സുരക്ഷയെ മുൻനിർത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസിനു കീഴിൽ അടിയന്തിര യോഗം ചേർന്നിരുന്നു.
കുട്ടികൾക്കിടയിലാണ് ഈ രോഗാവസ്ഥ കൂടുതലായും കണ്ടുവരുന്നതെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. എച്ച് 9 എൻ 2 മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്നും എച്ച് 9 എൻ 2 ബാധിച്ചവരിൽ കുറഞ്ഞ മരണനിരക്കാണെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
അതേസമയം, ചൈനയിൽ കുട്ടികളിൽ മൈകോപ്ലാസ്മ ന്യുമോണിയ, വിവിധ വൈറസ് അസുഖങ്ങൾ വർദ്ധിച്ചുവരുന്നത് ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത് . ഒന്നിലധികം പകർച്ചവ്യാധികൾ കണ്ടെത്തിയ സാഹചര്യത്തിൽ അസുഖങ്ങളുടെ വിശദമായ വിവരങ്ങൾക്കായി ചൈനയോട് ഔദ്യോഗിക അഭ്യർത്ഥന നടത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
Discussion about this post