എറണാകുളം: ടെക് ഫെസ്റ്റിനിടെ അപകടം ഉണ്ടായ സംഭവത്തിൽ വീഴ്ചയുണ്ടായതായി കുസാറ്റ് വൈസ് ചാൻസിലർ. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിപാടിയുടെ സമയത്ത് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതിൽ വീഴ്ചയുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നും വി.സി പിജി ശങ്കരൻ പ്രതികരിച്ചു.
ഓഡിറ്റോറിയത്തിന്റെ പിൻഭാഗത്തായുള്ള സ്റ്റെപ്പുകൾ കുത്തനെയുള്ളതാണ്. ഇതും അപകടത്തിന് കാരണം ആയി. വീതി കുറഞ്ഞ സ്‌റ്റെപ്പിൽ നിന്ന വിദ്യാർത്ഥികൾ തിരക്കിൽപ്പെട്ട് താഴേയ്ക്ക് വീഴുകയായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. രാവിലെ ഏഴരയോടെയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം ക്യാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, മുണ്ടൂർ സ്വദേശി ആൽബിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് 38 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്.
Discussion about this post