എറണാകുളം: കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി കെഎസ് സുദര്‍ശന്‍. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ ഒരു അപേക്ഷയും നല്‍കിയിട്ടില്ലെന്നും ഡിസിപി അറിയിച്ചു. കോളേജ് കോമ്പൗണ്ടിനകത്ത് പരിപാടി നടക്കാറുണ്ട്. അതിന് പോലീസിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചെല്ലാം അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്‌നമുള്ളതിനാല്‍ പോലീസ് ഇവിടെ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. അതേസമയം, പരിപാടി നടക്കുന്ന വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പിജി ശങ്കരന്‍ പറഞ്ഞു. ആറ് പോലീസുകാര്‍ കോളേജിൽ വന്നിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പരിപാടിക്ക് എത്രപേര്‍ വരുമെന്നും പോലീസിനെ അറിയിച്ചിരുന്നില്ല. പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലീസുകാര്‍ വേണമെന്നും വ്യക്തമാക്കിയിരുന്നില്ലെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പരിപാടിയെക്കുറിച്ച് അപോലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പ്രതികരിച്ചു. പോലീസ് ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ കുറിച്ച് സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി അന്വേഷിക്കും. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. രണ്ട് ദിവസത്തിനകം സമിതിയിലെ അംഗങ്ങളെ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post